Malayalam

3G

മൂന്ന് വര്‍ഷം പഠിപ്പിച്ച ടീച്ചറാണ് അടുത്തിരിക്കുന്നത്.12 വര്‍ഷം മുമ്പ് അഞ്ചാം ക്ലാസ് മുതല്‍ എഴാം ക്ലാസ് വരെ.ടീച്ചര്‍ മുന്നിലേക്ക് നടന്നു വന്ന് എന്റെ അടുത്ത കസേരയില്‍ ഇരുന്നപ്പോള്‍ തന്നെ എനിക്ക് ടീച്ചറെ മനസ്സിലായിരുന്നു.പക്ഷെ ടീച്ചറിന്റെ പേരോര്‍ത്തെടുക്കാന്‍ 5 മിനിട്ടെടുത്തു.സുമ ടീച്ചര്‍.കണക്കായിരുന്നു പഠിപ്പിച്ചിരുന്നത്.മുടിയൊക്കെ നരവീണ് മധ്യവയസ്‌കയുടെ കുപ്പായമണിഞ്ഞ ടീച്ചര്‍ക്ക് എന്നെ കണ്ടാല്‍ മനസ്സിലാകാനിടയില്ല.ആശുപത്രിയുടെ കാത്തിരിപ്പ് കസേരകള്‍ക്ക് മുന്നില്‍ ചിലച്ചുകൊണ്ടിരുന്ന ടി വിയിലേക്ക് ടീച്ചര്‍ നോക്കിയിരുന്നു.

എന്നെ 3 വര്‍ഷം കൂട്ടാനും കുറക്കാനും പഠിപ്പിച്ച ടീച്ചറാണ്.വെള്ളിയാഴ്ചകളില്‍ മാത്രം വരാറുള്ള സോഷ്യല്‍ പീരിഡില്‍ എന്നെ കൊണ്ട് പാട്ടു പാടിപ്പിച്ച ടീച്ചറാണ്.ഓണ പരീക്ഷക്ക് അഞ്ച് ബി-ല്‍ കണക്കിന് കൂടുതല്‍ മാര്‍ക്ക് വാങ്ങിയപ്പോള്‍ പേന സമ്മാനമായി നല്‍കിയ ടിച്ചറാണ്.

ആ ടീച്ചറിനെ,ഇപ്പോള്‍ ഞാന്‍ നോക്കിയതേയില്ല.ടീച്ചര്‍ക്ക് ഞാന്‍ മുഖം കൊടുക്കാതെയിരുന്നു,എന്റെ പേരു പറഞ്ഞാല്‍ ടീച്ചര്‍ക്കെന്നെ അറിയുമായിരുന്നെങ്കിലും.’ടീച്ചര്‍ സുഖമാണോ..ഇപ്പോള്‍ എവിടെയാണ്..?’എന്നു ചോദിക്കാന്‍ എന്റെ നാവ് പൊങ്ങിയില്ല.’ഇവിടെ ആശുപത്രിയില്‍..?എന്താ പറ്റിയത്..അസുഖമെന്തേലും..?’എന്നു പോലും ചോദിച്ചില്ല ഞാന്‍.

എനിക്കെന്താണ് പറ്റിയത്..?ഞാന്‍ ഇങ്ങനെ ആയിരുന്നില്ലല്ലോ..

എന്റെ ടോക്കണ്‍ വിളിച്ചു.ഡോക്ടറെ കണ്ടു.തിരിച്ചിറങ്ങുമ്പോള്‍ ടീച്ചര്‍ എന്നെ ശ്രദ്ധിക്കാതിരിക്കാന്‍ ഞാന്‍ നോക്കി.കാത്തിരിപ്പിന്റെ വിരസതയില്‍ ടീച്ചര്‍ ഉറങ്ങുന്നുണ്ടായിരിക്കും.

ആരെയും നോക്കാതെ,ഒന്നുമറിയാതെ ഞാന്‍ പുറത്തിറങ്ങി.എന്റെ അഴുക്കു പിടിച്ച മനസ്സിനെ പേറി നടക്കുന്ന ശരീരത്തെ ചെരിപ്പില്‍ കയറ്റി നടന്നു തുടങ്ങി.ഈ ചെരിപ്പുകള്‍ ഇല്ലായിരുന്നെങ്കില്‍ എന്റെ അഴുക്ക് വ്രണം പിടിച്ച കാലിലൂടെ ഒലിച്ചിറങ്ങി ഭൂമിക്കുമേല്‍ പടര്‍ന്ന് പകരുമായിരുന്നു.ഭൂമിയെ മലീമസമാക്കാതിരിക്കാനാണ് എന്റെ ചെരിപ്പുകള്‍ എന്നെനിക്ക് തോന്നി.

എന്തുകൊണ്ടാണ് ഞാന്‍ ടീച്ചറിനോട് മിണ്ടാതിരുന്നത്.എനിക്കറിയാം ആ ചോദ്യത്തിന്റെ ഉത്തരം.നന്നായി അറിയാം.ആള്‍ക്കാരോടിടപെടാന്‍ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കാന്‍ എന്നെ സമ്മതിക്കുന്നില്ല.എന്നെ പിന്‍വലിക്കുന്നത് എന്റെ മാറിയ മനസ്സാണ്.എന്റെ മനസ്സിന്റെ ശേഷി ഇല്ലാതായിക്കൊണ്ടിരിക്കുന്നു.കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്റെ ശരീരത്തില്‍ രോഗങ്ങള്‍ കൂടാരം പണിയും.40 വയസ്സിനു മുകളില്‍ ഞാന്‍ ജീവിച്ചിരിക്കുകയില്ല.ജീവിച്ചിരുന്നാല്‍ തന്നെയും തുടര്‍ന്നുള്ള നാളുകള്‍ മരണത്തിനു വേണ്ടിയുള്ള മരവിച്ച കാത്തിരിപ്പായിരിക്കും.

എവിടെയാണ് എനിക്ക് വഴി തെറ്റിയത്.എന്റെ ലോകം മുറിക്കുള്ളിലെ നാല്് ചുവരുകള്‍ക്കിടയിലേക്ക് ചുരുങ്ങിയപ്പോള്‍-അന്നു മുതല്‍.അന്നു മുതല്‍ എന്നിലെ ഞാന്‍ മരിക്കാന്‍ തുടങ്ങിയിരുന്നു.

അതെ പറഞ്ഞെത്തി നില്‍ക്കുന്നത്് ഇന്റര്‍നെറ്റിനെ കുറിച്ചാണ്.സോഷ്യല്‍ നെറ്റുവര്‍ക്കുകളെ കുറിച്ചാണ്.ഫേസ്ബുക്കിനെ കുറിച്ചാണ്.അതൊക്കെയാണ് ലോകം എന്നു കരുതിയ ഞാന്‍ എന്ന വിഡ്ഢിയെ കുറിച്ചാണ്..

ലഹരിയായിരുന്നു.ഒരിക്കലറിഞ്ഞപ്പോള്‍ വീണ്ടും വീണ്ടും അറിയണമെന്ന് തോന്നി പോയ ഭ്രാന്തമായ ലഹരി.അത് നുണഞ്ഞ് നുണഞ്ഞ് ഞാനും മനുഷ്യനല്ലാതായിക്കൊണ്ടിരുന്നു..3rd Generation വിപ്ലവത്തെ പ്രതിനിധീകരിക്കുന്ന ലക്ഷകണക്കിന് ഭ്രാന്തമാരില്‍ ഒരുവനായി ഞാനും..

കിളിമൊഴികള്‍.കൊഞ്ചലുകള്‍.ഒരു വരി മണ്ടന്‍ കവിതയ്ക്ക് കിട്ടുന്ന ലൈക്ക്‌സും കമന്റ്‌സും.കൂട്ടുകാര്‍ ‘ഷെയര്‍’ ചെയ്യാന്‍ ആരംഭിച്ചതോടെ മൊബൈല്‍ ക്യാമറയില്‍ തുരുതുരാ ചിത്രങ്ങളെടുക്കാനും തുടങ്ങി.
അങ്ങനെ..അങ്ങനെ..അങ്ങനെ..സ്വതന്ത്രനായി..എന്റെ മാത്രം ലോകത്തില്‍,ഒരു പട്ടം കണക്കേ ഞാന്‍ അലഞ്ഞു.

വഴിയാത്രകളില്‍,ബസ്സില്‍,ക്ലാസ് റൂമിലെ വിരസതയില്‍ മൊബൈല്‍ ഫോണ്‍ സൈബര്‍ ലോകത്തേക്കുള്ള എന്റെ വഴിവിളക്കായി..

‘എന്ത് നേടി’?
നഷ്ടങ്ങളല്ലേ ഉള്ളൂ..

‘പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പക്വതയുണ്ടോ നിനക്ക്..?’
‘നാലുപേര്‍ കൂടുന്നിടത്തു നിന്ന് നീ എവിടേക്കാണ് ഒളിക്കുന്നത്?’
‘എന്താണ് നിനക്കിത്ര ദേഷ്യം?’
‘രാത്രിയില്‍ 2 മണി വരെ എന്ത് ചെയ്യുകയാണ് നീ?’
‘ഒറ്റയ്ക്ക് പോയി ഗ്യാസ് ബുക്ക് ചെയ്യാന്‍ നിനക്കാകുമോ?’
‘നീ റേഷന്‍ കടയില്‍ ക്യൂ നിന്നിട്ടുണ്ടോ?’
‘നാളെ നീ എങ്ങനെ ജീവിക്കും?’

എനിക്ക് നേരെയുള്ള ചോദ്യങ്ങള്‍.പഴയ തലമുറയുടെ ഒരായിരം ചോദ്യങ്ങള്‍.ഒന്നിനും ഉത്തരമില്ലാതായിരിക്കുന്നു എനിക്ക്.
ചോദ്യങ്ങള്‍ ആദ്യമൊന്നും കാര്യമാക്കിയില്ല.വിലക്കെടുത്തില്ല.പുച്ഛിച്ചു.നാക്കു പുറത്തേക്കിട്ടിരിക്കുന്ന സ്‌മൈലി,അവനേയും കൂട്ടുപിടിച്ചു.

‘ജോലിയൊന്നും വേണ്ടേ?’-ഉത്തരവാദിത്തപെട്ടവരുടെ ചോദ്യം.
ബഗളൂരുവിലോ ചെന്നൈയ്ിലോ ഏതേലുമൊരു ഐടി കമ്പനിയില്‍ കയറി കൂടണം.അങ്ങനെയൊക്കെയാരുന്നു കുറച്ചു നാള്‍ മുമ്പ് വരെ മനസ്സില്‍.അവിടെയും കമ്പ്യൂട്ടറിനെ കൈ വിടാന്‍ തയ്യാറല്ലായിരുന്നു.

‘അപ്പോള്‍ നിന്റെ കല്യാണം?’-അമ്മ വകയാണ് ഇത്തരം ചോദ്യങ്ങള്‍ പതിവ്.
കൂടെകിടക്കുന്ന പെണ്ണിന്റെ സുഖത്തേക്കാള്‍ ബെസ്റ്റ് Prone site-ല്‍ തിളച്ചു മറിയുന്ന രതിയുടെ പുതിയ രുചികളല്ലേ-അങ്ങനെയും ചിന്തിച്ചു ഞാന്‍ ഉള്‍പ്പെടുന്ന മൂന്നാം തലമുറ.കല്യാണം വെറും ശരീര കൈമാറലാണെന്നു കരുതുകയും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒാടിമറയുകയുമായിരുന്നു ഞങ്ങള്‍.

ഇപ്പോള്‍ തിരിച്ചറിവുണ്ടാകുന്നു.
എല്ലാം മനസ്സിലാകുന്നു.

കുറച്ചു നാള്‍ എല്ലാത്തിനും നിയന്ത്രണം വെച്ചു.ആ സമയത്ത് കുറേ പുസ്തകള്‍ വായിച്ചു.സഫലമീ യാത്ര,രണ്ടാമൂഴം,മയ്യഴിപുഴയുടെ തീരങ്ങളില്‍ വീണ്ടും വായിച്ചു.മനസ്സില്‍ ഒരു വസന്തകാലം തിരിച്ചു വരുന്നതുപോലെ..
വീട്ടില്‍ സന്തോഷം.ഇതായിരുന്നു നീ..

ഇനി എനിക്ക് ടീച്ചറെ കാണുമ്പോള്‍ ധൈര്യമായി ക്ഷമ ചോദിക്കാം.

 

L.T.Maratt

http://kundarajunction.blogspot.com/2011/11/3g.html

 

ക്ഷേത്രം ജനിക്കുന്നു

മനുഷ്യനെ ക്ഷയത്തില്‍ നിന്നും ഉദ്ധരിക്കുന്നതത്രേ ക്ഷേത്രങ്ങള്‍ അങ്ങിനെയുള്ള ക്ഷേത്രങ്ങള്‍ക്ക് ജീവന്‍ പകരലാണ് ക്ഷേത്ര പ്രതിഷ്ട ഇന്നിതാ ഞാനും ഒരു പ്രതിഷ്ഠക്ക് സാക്ഷിയാകുന്നു . ഭാഗ്യവശാല്‍ മുന്‍പുംക്ഷേത്ര പ്രതിഷ്ഠകള്‍ കാണാന്‍ സാധിച്ചിട്ടുണ്ട് എന്നാല്‍ ഇത് അവയില്‍ നിന്നെല്ലാം വേറിട്ട്‌ നില്‍ക്കുന്നു .ഇവിടെ പ്രതിഷ്ഠ ഒരു മൂര്‍ത്തിക്കല്ല നാല് വ്യത്യസ്ത ദേവതകള്‍ക്ക് ഒരേ സമയം ഒരേ ശ്രീ കോവിലില്‍, ശിവനും ശക്തിയും ഗണേശനും മുരുകനും എല്ലാം ഒരു വിഗ്രഹത്തില്‍ (മുരുകരൂപം വിഗ്രഹത്തില്‍ കൊത്തിയിട്ടില്ല , പകരം നാഗ രൂപിയായ രാഹു വിന്റെ രൂപമാണ് ഉള്ളത് ഇത് സുബ്രഹ്മണ്യനെയും പ്രതിനിഥാനം ചെയ്യുന്നു  )ശിവ കുടുംബം !. നാല് എന്ന സംഖ്യ ഭാരതീയ സംസ്കാരത്തില്‍ വളരെ പ്രാധാന്യം ഉള്ളതാണ് നാന്മുഖനായ ബ്രമാവും ചതുര്‍വേദങ്ങളും,ചതുര്‍ ധാമങ്ങളും,ചാതുര്‍ വര്‍ണ്യവും, ചതുരാശ്രമങ്ങളും ഒക്കെ നാല് എന്ന സംഖ്യയുടെ മഹത്വംകാണിക്കുന്നു ഇവിടെ ഉപാസകനായ തന്ത്രിയല്ല പ്രതിഷ്ടനിര്‍വഹിക്കുന്നത് ജന കോടികളുടെ ഉപാസനാ മൂര്‍ത്തിയായ ഒരു മഹാത്മാവാണ്. അദ്വൈതത്തിന്റെ അപാരതകള്‍ അനുഭവിച്ചറിഞ്ഞ, മഹാവാക്യങ്ങള്‍ അനുഭൂതിയായ ഒരു മഹാഗുരു, ശ്രീ മാതാ അമൃതാനന്ദമയി ദേവി . മറ്റേതു പ്രവര്‍ത്തികളും പോലെ സംസാരികളായ സാധാരണക്കാരെ ഈ ഭാവസാഗരം കടത്തുവാന്‍തന്നെയത്രേ  ജഗത് ഗുരുവിന്റെ ഈ വരദാനവും.

കോടിലിംഗപുരമെന്നു പുകള്‍പെറ്റ കൊടുങ്ങല്ലൂരിലാണ് അമ്മ ആദ്യമായി ബ്രഹ്മസ്ഥാന പ്രതിഷ്ഠ നടത്തിയത് . ഇന്നിതാ കണ്ണന്റെ ഊരായ കണ്ണൂരില്‍ കതിവന്നൂര്‍ വീരനും ,മാക്കപോതിയും , മുത്തപ്പനും, മുച്ചിലോട്ടു ഭഗവതിയും ഉലഞാടുന്ന ,തെയ്യ തോറ്റങ്ങള്‍ ഉണര്‍ത്തു പാട്ട് പാടുന്ന, ദിവ്യഭൂവില്‍ അമ്മ പ്രതിഷ്ഠ നടത്താന്‍ പോകുന്നു .അതിനു സാക്ഷിയാകാന്‍ എനിക്കും ഭാഗ്യമോ !

പ്രതിഷ്ടാ  മുഹൂര്‍ത്തത്തിനു വളരെ മുന്‍പുതന്നെ ഞങ്ങള്‍ ക്ഷേത്രത്തിന്റെ വടക്കേ നടയിലായി നിലയുറപ്പിച്ചു  ക്ഷേത്ര പരിസ്സരം ഭക്ത ജനങ്ങളാല്‍ നിറഞ്ഞു വിദേശികളും സ്വദേശികളും എല്ലാമുണ്ട് ആ കൂട്ടത്തില്‍. ഞെങ്ങി ഞെരുങ്ങി നില്‍ക്കുമ്പോള്‍ ഉച്ചഭാഷിണിയിലൂടെ പ്രഭാഷണം കേള്‍ക്കാമായിരുന്നു കുഷ്ടരോഗിയെ മാറോടണച്ചു പുല്‍കിയ അമ്മയുടെ സ്നേഹ വാത്സല്യത്തെക്കുറിച്ചും,അവിടു

ത്തെ സന്ദേശങ്ങളെക്കുറിച്ചും  വളരെ ഹൃദയ സ്പര്‍ശിയായി പ്രഭാഷകന്‍ പരാമര്‍ശ്ശിക്കുന്നുണ്ടായിരുന്നു .പ്രഭാഷണ ശേഷം പ്രതിഷ്ടക്ക് പ്രാരംഭമെന്നോണം പഞ്ചവാദ്യം മുഴങ്ങി .അമ്മയുടെ വരവിനെ പ്രതീക്ഷിച്ചു കൊണ്ട് ക്ഷേത്ര പരിസ്സരം മുഴുവന്‍ നിശബ്ദമായി മന്ദ്രജപങ്ങളില്‍ മുഴുകി,ഹൃദയ നിവാസ്സിനിയായ അമ്മയെ നേത്രങ്ങള്‍ തേടികൊണ്ടിരുന്നു , മേളം ഉച്ച്ച്ചസ്ഥായിയിലെത്തി അതാ അമ്മ വരുകയായി .
പൂര്‍ണബ്രഹ്മസ്വരൂപിണി എന്നു ഓട്ടൂര്‍ പാടിപ്പുകള്‍ത്തിയ സമസ്ത ദേവതകളെയും തന്നില്‍ താനറിഞ്ഞ അമ്മ .ഇന്നിതാ ലോക     കല്യാണാര്‍ത്ഥം ആഗതയായിരിക്കുന്നു തെന്റെ കേശഭാരം മുകളില്‍ കെട്ടിവച്ച് മഞ്ഞ ചേലകൊണ്ട് മേല്‍വസ്ത്രം ധരിച്ചു കഴുത്തില്‍ സമൃദ്ധമായ പുഷപ്പഹാരമണിഞ്ഞു
പ്രതിഷ്ടക്ക് തയാറായി അമ്മ എത്തിയപ്പോള്‍ മനസ്സില്‍ ഭക്തിയ്ടെയും ഭയത്തിന്റെയും ആനന്ദത്തിന്റെയും ഒക്കെ സമ്മിശ്ര വികാരങ്ങള്‍ ഒളി മിന്നി , “ശിവം ഭൂത്വാ ശിവം യജേത്” (ശിവനായ് തീര്‍ന്നു ശിവനെ പൂജിക്കുക )എന്നുള്ളത് അന്വര്‍ത്ഥമാകുകയായിരുന്നു .അമ്മയുടെ മുഖം പ്രസന്ന ഗംഭീരമായിരുന്നു ശ്യാമ വര്‍ണമാര്‍ന്ന അവിടുത്തെ തിരു മുഖം ഇപ്പോള്‍ കൂടുതല്‍ കമനീയമായ് തോന്നുന്നു .സന്യാസി ശ്രേഷ്ട്രരാല്‍ ഭിരാവൃതരായി ഗംഭീര ഭാവത്തില്‍ നില്‍ക്കുന്ന അമ്മയെ കാണുമ്പോള്‍
ഉമാനാഥനായ പശുപതിയെ തന്നെയാണ് ഓര്‍മവരിക.
സൂര്യന്‍ തന്റെ തീവ്ര താപത്തെ തെല്ലോന്നോതുക്കി അമ്മക്ക് മംഗളമോതി,പതിവുപോലെ ശുഭ സൂചകമായി കൃഷ്ണപ്പരുന്തുകള്‍ നീലാകാശത്ത്‌ വട്ടമിട്ടു പറന്നു ,അമ്മ പ്രത്യേകമായി തയ്യാറാക്കിയ പടികള്‍ കയറി ക്ഷേത്രത്തിനു  മുകളില്‍ സജ്ജമാക്കിയ തട്ടില്‍
കയറി എല്ലാ ദിക്കുകളിലേക്കും പൂക്കള്‍ വര്‍ഷിച്ചു അനന്തരം അവിടുന്ന് അര്‍ത്ഥപത്മാസനത്തില്‍ ഉപവിഷ്ടയായി പൂജതുടങ്ങി
ധ്യാന നിമാഗ്നയായ അമ്മ ഓരോ കുംഭങ്ങളായി എടുത്തു പ്രതിഷ്ടിച്ചു അവയില്‍ ധാന്യങ്ങളും മറ്റും നിറച്ചു അതിനുശേഷം ഓരോ കലശങ്ങളായി അഭിഷേകം ചെയ്തു .താഴികക്കുടത്ത്തിനു പൂജയും കര്‍പ്പൂര ആരതിയും  ചെയ്തതിനുശേഷം ശ്രീകോവിലില്‍ പ്രവേശിച്ച  അമ്മ നാല് വശവുമുള്ള വാതിലുകളിലൂടെ ഭക്തര്‍ക്ക്‌ നേരെ പുഷ്പ വര്‍ഷം ചൊരിഞ്ഞു പീഠപൂജക്ക്‌ ശേഷം നാല് നടകളും അടച്ചു ഭക്തര്‍ ശിവശക്ത്യൈ നമ:  എന്ന മന്ത്രം ജപിച്ചു കൊണ്ടേ ഇരുന്നു . സമയം ഏറെ നീങ്ങി “സമാനോ മന്ത്ര: സമിതി സമാനോ” എന്ന സുക്ത ഋക്കുകള്‍ പോലെ എല്ലാ ചുണ്ടുകളിലും ഒരേ മന്ത്രം എല്ലാ കണ്ണുകളും ഒരേ ലക്ഷ്യത്തില്‍ എന്തിനു ,എല്ലാ ഹൃദയവും സ്പന്ദിക്കുന്നത് പോലും ഒരേ താളത്തില്‍ എന്നു തോന്നി പോകുന്നു
മാതൃ ഗര്‍ഭത്തില്‍ ഉരുവം കൊള്ളുന്ന  കുട്ടിയെ പോലെ ഇവിടെ ഒരു ക്ഷേത്രം പിറന്നു വീഴുകയാണ് .
ആത്മാംശം പകര്‍ന്നു നല്‍കുന്ന പിതാവും,ഉദരത്തില്‍ പേറുന്ന മാതാവും,ബ്രഹ്മത്വത്തിലെക്കുയര്ത്തുന്ന ഗുരുവും  ഇവിടെ ഒരാള്‍ തന്നെ.അതെ ശിലയെ പോലും ശിവനാക്കി മാറ്റുന്നവള്‍.മാനവനില്‍ മാധവത്വത്തെ ദര്‍ശിക്കുന്നവള്‍. മണി നാദവും മന്ത്രധ്വനികളും പഞ്ചവാദ്യവും ചേര്‍ന്ന് ഗംഭീരമായ പ്രണവ ശബ്ദമായി മാറി പ്രതിഷ്ഠ കഴിഞ്ഞു നാല് നടകളും ഒരുമിച്ചു തുറന്നു നീരന്ചനം ഉഴിഞ്ഞു അമ്മ കലശാഭിഷേകം നടത്തി.കര്‍പ്പൂരം ഉഴിഞ്ഞതിനു ശേഷം എല്ലാ നടയുടെയും മുന്‍പിലെത്തി തീര്‍ത്ഥം തളിച്ചു .
Amma doing abhisheka to the dietyAmma doing the Abhisheka to the Kalasha
ഇവിടെ ഒരു പ്രതിഷ്ടാ കര്‍മം പൂര്‍ത്തിയായിരിക്കുന്നു മാനവ രാശിക്ക് വേണ്ടി കാലാകാലം നിലനില്‍ക്കുന്ന ഒരു പുണ്യ സങ്കേതം .ജനങ്ങളെ ഭൌതികമായും,സാംസ്കാരികമായും, ആത്മീയമായും ഉയര്‍ത്താന്‍ സര്‍വ ഭേദ ബുദ്ധിയും വെടിഞ്ഞു ഒത്തു കൂടാന്‍ ഒരു സങ്കേതം . എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്ന ബ്രഹ്മത്തെ അറിയാന്‍ സാധിക്കാത്ത നമുക്ക് അതിനെ അറിയാന്‍ ഒരു സ്ഥാനം ,
അതെ ഇതൊരു ക്ഷേത്രത്തിന്റെ പിറവി. വിദഗ്ധനായ ഒരു ശില്പ്പിയെ പോലെ അമ്മ നാം ഓരോരുത്തരിലും ബ്രഹ്മസ്ഥാന  ക്ഷേത്രങ്ങള്‍ നിര്‍മിച്ചു  കൊണ്ടിരിക്കുന്നു,  ക്ഷയത്തില്‍ നിന്നും ക്ഷതത്ത്തില്‍ നിന്നും പരനെ  കര കേറ്റുന്ന ബ്രഹ്മ തത്വത്തിന്റെ വാസ്സ്ഥാനമായ ബ്രഹ്മസ്ഥാന ക്ഷേത്രങ്ങള്‍.
jagraon_bridge

ധീരമായ പുഞ്ചിരികള്‍

എട്ടു പതിറ്റാണ്ടുകള്‍ കഴിഞ്ഞു പോയിരിക്കുന്നു അതിനുള്ളില്‍ എത്രയോ വസന്തങ്ങളും ശിശിര ഹേമന്തങ്ങളും കൊഴിഞ്ഞു പോയിരിക്കുന്നു എങ്കിലും ഓരോ ഭാരതീയന്റെയും ഉള്ളില്‍ ഭഗത് ഒരു ഉണര്‍വുള്ള ഓര്‍മയായി അവശേഷിക്കുന്നു .
തൂക്കുകയറിനുമുന്പില്‍ ചെറു പുഞ്ചിരിയോടെ നിന്ന ആ മൂന്നു ധീരന്മാര്‍ ഭാരതയുവത്വത്ത്തിന്റെ മഹത്വം ലോക ചരിത്രത്തില്‍ തുന്നിപിടിപ്പിക്കുകയായിരുന്നു .
പടക്കളത്തില്‍ തളര്‍ന്നുവീണ അര്‍ജുനനോടു ” ഉത്തിഷ്ഠ കൌന്തയാ യുദ്ധായ കൃത നിശ്ചയാ ” എന്ന് പറഞ്ഞ കേശവ വാണി ഭാരതതീയന്റെ മനസ്സില്‍ നിന്നും താമസ്കരിക്കപ്പെട്ടപ്പോള്‍ , ഭാരതം മുഴുവന്‍ ഘോര തമസ്സില്‍ ആഴ്ന്നുറങ്ങിയപ്പോള്‍. വിശാല വീക്ഷണത്തിന്റെയും സര്‍വ ധര്‍മ സമഭാവനയുടെയും മണ്ണ് നൂറ്റാണ്ടുകളുടെ അടിമത്തത്തില്‍ വീണു.
എന്നാല്‍ വീരമാതാ എന്നു പുകള്‍പെറ്റ ഭാരതാംബ അവിടയും ഒരു പിടി വീര പുത്രര്‍ക്ക് ജന്മം നല്‍കി. ശിവാജിയുടെയും, റാണാ പ്രതാപന്റെയും ഒക്കെ വീര ചരിതങ്ങള്‍ അവര്‍ക്ക് പ്രചോതനം ആയി ,
പ്രതികരിക്കാന്‍ അറിയാത്ത ഒരു സമൂഹമായി ഭാരതത്തെ അധപ്പതിപ്പിക്കാന്‍ അവര്‍ അനുവദിച്ചില്ല.

സിംഹാരൂഡയായ ശ്രീ ദുര്‍ഗയെപ്പോലെ ബ്രിട്ടീഷ് സാമ്രാജ്യത്തിനു നേരെ കുതിച്ചു ചാടിയ റാണി ലക്ഷ്മീ ബായിയും , “നിങ്ങളിനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്ക്ക് സ്വാതന്ത്ര്യം തരാം” എന്നു പറഞ്ഞ നേതാജിയും , “ഞാന്‍ സ്വതന്ത്രന്‍” എന്നു ഉറക്കെ വിളിച്ചു പറഞ്ഞ ചന്ദ്രശേഖര്‍ ആസാദും ,കേരള സിംഹമായ വീര പഴശ്ശി തമ്പുരാനും,വീര സവര്‍ക്കറും,ഭഗത് സിങ്ങും, ഓരോ ഭാരതീയന്റെ മനസ്സിലും പ്രോജ്വലിക്കുന്നു .ഇവരുടെ നാമങ്ങള്‍ പോലും ഭാരതീയന്റെ ഹൃദയങ്ങളെ പുളകം കൊള്ളിക്കുന്നു ,
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഓരോ സായുധ ഭടന്മാരും നയിച്ച യുദ്ധങ്ങള്‍ക്ക് കഴിഞ്ഞു .
യുവത്വം എല്ലാ അര്‍ത്ഥത്തിലും മനുഷ്യ ജീവിതത്തിലെ സുപ്രധാന കാലഘട്ടമാണ് അവിടെ ബാല ചാപല്യങ്ങലോ വൃദ്ധന്റെ ജഡഭാവമോ ശോഭിക്കുകയില്ല . ആ യുവത്വം സ്വാതന്ത്ര്യ ഭാരതം എന്ന മഹാസങ്കല്പത്തിനായി സസന്തോഷം ബലി അര്‍പ്പിച്ച ഭഗത് സിംഹന്മാര്‍ ,അവരുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങളെ പൂര്‍ണമായും മറന്നു കളഞ്ഞു .കൊലക്കയറിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ ആ മുഖങ്ങളില്‍ ഭയമോ ,വിഷമമോ എന്തിനു അവ്യക്തമായ നിര്‍വികാരതയോ അല്ല ഉണ്ടായിരുന്നത് ചുറ്റും നിന്ന ബ്രിട്ടീഷ് പോലീസ്കാരെക്കൂടി അല്‍പ നേരത്തേക്കെങ്കിലും ഭാരത ഭക്തരാക്കി മാറ്റിയ ധീരമായ പുഞ്ചിരിയായിരുന്നു .ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് ആ നാമങ്ങള്‍ ഭാരതീയന്റെ നെഞ്ചില്‍ ചിരപ്രതിഷ്ഠ നേടി. ഒരിക്കല്‍ കൂടി ഭാരതാംബ തന്റെ പുത്രരെ ഓര്‍ത്ത് ആനന്ദ ബാഷ്പം അണിയുകയായിരുന്നു.

ഈ വീര സിംഹങ്ങള്‍ നമുക്ക് പ്രചോതനം ആകട്ടെ എന്ത് കണ്ടാലും പ്രതികരിക്കാത്ത ജഡസത്വങ്ങളായി നമുക്ക് മാറാതിരിക്കാം. ഭഗത് സിംഹന്റെ 80 ആം ബലിദാന ദിനത്തില്‍ . നമ്മുടെ ശിരസ്സുകള്‍ ഒരിക്കലുംപരടെഷികളുടെ മുന്‍പില്‍ താഴരുതെന്നാഗ്രഹിച്ച്ച്ച ആ മഹാ ജ്യോതിസ്സുകല്‍ക്കുമുന്പില്‍ നമ്മുടെ ശിരസ്സുകള്‍ കുനിക്കാം .
വന്ദേ മാതരം

dasappan

മടിയന്‍ ദാസപ്പന്‍ എന്ന അസാധു – തെരഞ്ഞെടുപ്പ് സ്പെഷ്യല്‍

ഞാന്‍ ദാസപ്പന്‍-മടിയന്‍ ദാസപ്പന്‍ എന്നാണ് നാട്ടുകാര്‍ വിശേഷിപ്പിക്കുന്നത്.അത് വെള്ളം ചേര്‍ക്കാത്ത പരമാര്‍ഥമാണ്.ചെറുപ്പം മുതല്‍ക്കേ ‍ഞാനൊരു കുഴിമടിയനായിരുന്നു.മടി പിടിച്ച് എസ്.എസ്.എല്‍.സി വരെ എത്തിയപ്പോള്‍ വയസ്സ് 23.പക്ഷെ മടികാരണം ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ കൂടി ഞാന്‍ പോയില്ല.എസ്.എസ്.എല്‍.സി പാസാവാത്ത എത്രയോ പേര്‍ ഉന്നതങ്ങളില്‍ എത്തിയിരിക്കുന്നു.പിന്നല്ലെ ഈ ദാസപ്പന്‍-എന്നതാണ് എന്‍റെ ഫിലോസഫി.പക്ഷെ ഇത് കേള്‍ക്കുമ്പോള്‍ രമേശന്‍ മൂപ്പര്(അതായത് എന്‍റെ അച്ഛന്‍)പറയും-

എല്ലുമുറിയെ അധ്വാനിച്ചിട്ടാ അവര്‍ ഉയരത്തിലെത്തിയത്.പക്ഷെ മടിയനായ നീയോ..?

അതിനും ഈ ദാസപ്പന്‍റെ കൈയില്‍ നല്ല ഒന്നാന്തരം മറുപടിയുണ്ട്.

എല്ലാരേം പോലെയാണോ അച്ഛന്‍റെ മോന്‍ ദാസപ്പന്‍.എനിക്ക് എന്‍റേതായ ഒരു വ്യക്തിത്വം ഇല്ലേ..?ഞാന്‍ എന്‍റെ വഴിയെ വലിയവനാകും

ഇങ്ങനെയൊക്കെയാണ് ഞാന്‍.പക്ഷെ എനിക്കും നന്നാകണമെന്നൊക്കെയുണ്ട്.പ്രവര്‍ത്തിയില്‍ കൊണ്ട് വരാനാണ് പാട്.മടി അത് തന്നെ.ഒരിക്കല്‍ ദാസപ്പന്‍ നന്നാകുമെന്ന് എന്‍റെ മനസ്സ് പറയുന്നു..ഇനി ചിലപ്പോ അതൊരു തോന്നലാണോ..?ആ..ആര്‍ക്കറിയാം.

രാവിലെ എണ്ണീക്കാന്‍ തന്നെ മടിയാണ്.ഒര് വിധം എണ്ണീറ്റാല്‍ തന്നെ പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞു വരുമ്പോള്‍ ഒര് സമയമാകും.ജലം അമൂല്യമാണ് അത് പാഴാക്കരുത് എന്നലെ സര്‍ക്കാര് പറയുന്നത്.ഞാന്‍ ഒരു വരി കൂടി ചേര്‍ത്തു.ജലം അമൂല്യമാണ് അത് മലിനമാക്കരുത്.കുളിച്ചില്ലേലും ജീവിക്കാല്ലോ..!

പക്ഷെ ഒന്നുണ്ട്.ഭക്ഷണം.അതിന്‍റെ കാര്യത്തില്‍ ഞാനെന്‍റെ ഫിലോസഫികളെല്ലാം മടക്കി അലമാരയില്‍ വെക്കും.ഭക്ഷണകാര്യത്തില്‍ ഒരു മടിയുമില്ല.മൂന്ന് നേരം സുഭിഷ്ട ഭക്ഷണം..ഏമ്പക്കം..ഉറക്കം..കൂര്‍ക്കംവലി..

അങ്ങനെയിരിക്കെയാണ് ആ ദിവസം സമാഗതമായത്.ജീവിതം മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ എന്തെങ്കിലും ജോലി ചെയ്തേ മതിയാകു എന്ന നഗ്നമായ സത്യം ഞാന്‍ അപ്പോഴേക്കും മനസ്സിലാക്കിയിരുന്നു.പക്ഷെ പത്താം ക്ലാസ് പരീക്ഷയെഴുതാത്തവന് അന്തസ്സുള്ള ജോലി ഏതേലും കിട്ടുമോ.ഇതൊക്കെ ഇപ്പോഴാണോ ദാസപ്പാ ആലോചിക്കുന്നത്-ഞാന്‍ എന്നോട് തന്നെ ചോദിച്ചു.പിന്നെയെന്ത് ചെയ്യും.അങ്ങനെയാണ് പഞ്ചായത്ത് ഇലക്ഷന്‍റെ കാര്യം അറിയിന്നുത്.പഞ്ചായത്ത് മെമ്പറാകുക-കൊള്ളാം.കേട്ടിട്ടുതന്നെ ഒര് സുഖമുള്ള ഏര്‍പ്പാടാണ്.പൊട്ടന് ലോട്ടറി അടിച്ചപ്പോലെ പ്രസിഡന്‍റ് കസേരകൂടി കിട്ടിയാല്‍ കുശാലായി.അങ്ങനെ ഏതെങ്കിലും പാര്‍ട്ടിയുടെ ചിഹ്നത്തില്‍ കേറിയങ്ങ് മത്സരിക്കാന്‍ തീരുമാനിച്ചു.ഒന്നും നടന്നില്ലെങ്കില്‍ സ്വന്തമായി ഒര് പാര്‍ട്ടി തന്നെയങ്ങ് ഉണ്ടാക്കും.അല്ല പിന്നെ.നാട്ടുകാര്‍ക്കിടയില്‍ ജോലിയും കൂലിയുമില്ലാത്ത പയ്യന്‍ എന്ന ഇമേജ് ഉള്ളത്കൊണ്ട് അത് സഹതാപമാക്കി വര്‍ക്ക് ഔട്ട് ചെയ്യിപ്പിച്ചാല്‍ വിജയം സുനിശ്ചിതം.ഞാന്‍ മനക്കോട്ടകള്‍ മേയാന്‍ തുടങ്ങി.

“കരകാണാകടലലമേലേ
മോഹപ്പൂങ്കുരുവി പറന്നേ..”

എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് ദാസപ്പാ..അങ്ങനെ എന്‍റെ സമയം തെളിയാന്‍ പോകുകയാണ്.മെമ്പറായി കഴിഞ്ഞാല്‍ പിന്നെ കുശാലാണ്.ആണ്ടിനോ ചങ്കരാന്തിക്കോ പഞ്ചായത്തിലെ വീടുകളിലേക്ക് സന്ദര്‍ശനം.വളിച്ച ചിരി ചിരിക്കണം.കരയണം.കുശലം തിരക്കണം.പിന്നെ എല്ലാ കുണ്ടറ നിവാസികളുടെയും കല്യാണം നടത്തിപ്പുകാരനായി നിന്ന് വയറു നിറയെ ശാപ്പിടണം.

അങ്ങനെ അങ്ങനെ പലതും ആലോചിച്ചുകൊണ്ടാണ് പാര്‍ട്ടി ഓഫീസിന്‍റെ പടി ചവിട്ടിയത്.പതിവിലേറെ തിരക്കായിരുന്നു അപ്പോള്‍ അവിടെ.എന്തായാലും പാര്‍ട്ടി മീറ്റിങൊന്നും ആകാന്‍ വഴിയില്ല.മീറ്റിങ്ങ് വല്ലോം ആയിരുന്നെങ്കില്‍ ഇത്രയുംപേര്‍ കാണില്ലല്ലോ.കസേരകളെല്ലാം ഒഴിഞ്ഞുകിടക്കണ്ടതല്ലെ..ഇത് സംഗതി വേറേ എന്തോ ആണ്.

കൂട്ടത്തില്‍ മുശിഞ്ഞ ജൂബ ധരിച്ച ഊശാം താടിക്കാരനോട് ഞാന്‍ കാര്യം തിരക്കി.അയാള്‍ ആട്ടിന്‍ താടി തടവി നിന്നതല്ലാതെ കമാ എന്നൊരക്ഷരം പറഞ്ഞില്ല.ഇനി പൊട്ടനാണോ..?

എന്തായാലും എല്ലാര്‍ക്കും എന്തോ വിഷമമുണ്ട്.സമരം നടത്താനും കല്ലെറിയാനും പിരിവുനടത്താനും പോകുന്ന ആവേശവും സന്തോഷവുമൊന്നും ആരുടേയും മുഖത്ത് കണ്ടില്ല.ഇന്നെന്താ ഇവര്‍ക്ക് ചായേം വടേം കിട്ടില്ലേ..?

കാര്യം അതൊന്നുമല്ല.അതറിഞ്ഞപ്പോള്‍ തമ്പുരനാണേ ഈ ദാസപ്പന്‍റെ ചങ്കും തകര്‍ന്നുപോയി.കാര്യം എന്താണെന്നു വെച്ചാല്‍ ഇവിടെ കൂടിയിരിക്കുന്ന ഞാന്‍ ഉള്‍പ്പെടുന്ന കിഴങ്ങന്‍മാര്‍ക്കൊന്നും മത്സരിക്കാനൊക്കില്ല.സ്ത്രീ സംഭരണമാണു പോലും..എന്താ കഥ..

ഇപ്പോള്‍ ബാക്ക് ഗ്രൗഡില്‍ ചെകുത്താന്‍റെ വയലിന്‍ വായനകേട്ടു തുടങ്ങുന്നു.

ഞാന്‍ റോഡിലേക്കിറങ്ങി നടന്നു.ഇനി എന്തു ചെയ്യും?ഈ ദാസപ്പനെ നന്നാവാനാരേം സമ്മദിക്കൂല്ല അല്ലേ.അങ്ങനെയെങ്കില്‍ അങ്ങനെ.തോല്‍ക്കാന്‍ ദാസപ്പന്‍റെ ജീവിതം ഇനിയും ബാക്കിയാണ് മക്കളെ..

അപ്പോഴാണ് പെട്ടെന്നൊരു ഐഡിയ മനസ്സില്‍ തെളിഞ്ഞത്.സ്ത്രീസംഭരണമാണെങ്കിലും ഇത് വരെയും മത്സരിക്കാന്‍ ആരെയും കിട്ടിയിട്ടില്ലാരുന്നു.എന്‍റെ പദ്ധതി ഇനി പറയും വിധമാണ്.ആദ്യം പഞ്ചായത്തിലെ ഒരു വനിതയെ വശത്താക്കണം.എന്‍റെ സ്വന്തം സ്ഥാനാര്‍ഥിയായി നിര്‍ത്തി മത്സരിപ്പിക്കണം.ജയിച്ചു കഴിഞ്ഞാല്‍ അങ്ങ് കെട്ടണം.ശിഷ്ടകാലം അവളുടെ ചിലവില്‍ സുഖജീവിതം.ഒരു പണിക്കും പോകണ്ട.എന്നെ അങ്ങ് സമ്മദിക്കണം.എനിക്ക് ദാസപ്പനെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നി.അടങ്ങ് മോനെ അടങ്ങ്..

ഇപ്പോള്‍ ബാക്ക് ഗ്രൗണ്ടില്‍ എ.ആര്‍ റഹ്മാന്‍റെ സംഗീതം.
ഞാന്‍ നാളെ മുതല്‍ വനിതാമെമ്പര്‍ ഹണ്ട് തുടങ്ങാന്‍ തീരുമാനിച്ചു.

കാലത്തെ എണ്ണീറ്റ് കുളിച്ച്(ഇവനിന്നു കുളിച്ചോ-എന്ന മട്ടില്‍ അമ്മയൊന്നു നോക്കി)കുറിതൊട്ട് അലക്കിതേച്ച ഉടുപ്പുമിട്ട് പുറത്തേക്കിറങ്ങി.നന്നായി കുളിച്ചിട്ട് മാസങ്ങളായിരുന്നു.നേരെ പോയത് അന്നമ്മയുടെ അടുത്തേക്കായിരുന്നു.അവള്‍ക്ക് പണ്ട് എന്നോടൊരു ലബ് ഉണ്ടാരുന്നു.അത് വേറൊന്നും കൊണ്ടല്ല.ആറാംക്ലാസില്‍ ഞാന്‍ രണ്ടും വെട്ടവും അന്നമ്മ ഒരു വെട്ടവും തോറ്റിരുന്നിട്ടുണ്ട്.അങ്ങനെ തോറ്റവള്‍ക്ക് തന്‍റെ നുകത്തില്‍ കെട്ടാവുന്നവനോട് തോന്നിയ ഇഷ്ടമാണ്.

അന്നമ്മ ഇപ്പോള്‍ ഒരു സോപ്പ് കമ്പനിയില്‍ ജോലിചെയ്യുകയാണ്.ഞാന്‍ അങ്ങോട്ടേക്കാണ് പോയത്.ഭാഗ്യം.അന്നമ്മ അവിടെ തന്നെയുണ്ടായിരുന്നു.അന്നമ്മ എന്നെ കണ്ടതും ചാടി തുള്ളി അടുത്തേക്കു വന്നു.

“അന്നമ്മോ നീ പഴയതിനേക്കാള്‍ സുന്ദരിയായിട്ടുണ്ട് കേട്ടോ..എന്താ ഇതിന്‍റെ രഹസ്യം”-
ഞാന്‍ ആദ്യത്തെ നമ്പരിട്ടു.

“ദാസപ്പന്‍ ചേട്ടാ ഇത് ഇവിടെ ആവശ്യത്തിനുണ്ട് കേട്ടോ”-
അന്നമ്മയുടെ മറുപടി.

“എന്ത്..?”

“സോപ്പ്..!”

“പോ..അന്നമ്മേ..അവളുടെ ഒര് തമാശ..ഇപ്പോഴും നീ ആറാംക്ളാസിലെ അന്നക്കുട്ടി തന്നെ..!നിനക്കോര്‍മയിലെ ആ കാലം..?”

“പിന്നെ”

“കണക്കിനു ഒരു മാര്‍ക്ക് കിട്ടിയതിന് നീ കരഞ്ഞപ്പോള്‍ പൂജ്യം വാങ്ങിയ ഞാന്‍ അല്ലേ നിന്നെ സമാധാനിപ്പിച്ചത്..”

അങ്ങനെ ഞാന്‍ ഒന്നിനു പിറകെ ഒന്നായി നമ്പറുകളിറക്കികൊണ്ടിരുന്നു.അവസാനം അന്നമ്മ സമ്മദിച്ചു-മത്സരിക്കാമെന്ന്.അവസാനം കാര്യം നടന്നിട്ട് അവളെ കെട്ടിയില്ലെങ്കില്‍ ദാസപ്പന്‍ ചേട്ടന്‍റെ പേരെഴുതി വെച്ചിട്ട് ആറാംക്ലാസിന്‍റെ വരാന്തയില്‍ നിന്നു താഴേക്ക് എടുത്തു ചാടുമെന്ന് കൂട്ടത്തില്‍ ഒര് ഭീക്ഷണിയും.ഞാന്‍ അത് കാര്യമായിട്ട് എടുത്തില്ല.

എന്തായാലും അടുത്ത ദിവസം മുതല്‍ പ്രചരണം പൊടിപൊടിച്ചു.നമ്മുടെ പഞ്ചായത്തിലെ അന്നമ്മ എന്ന ചുണക്കുട്ടിയെ അറിവിന്‍റെ പ്രതീകമായ സ്ലേറ്റും പെന്‍സിലും അടയാളത്തില്‍ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു..അഭ്യര്‍ഥിക്കുന്നു-ഞാനായിരുന്നു അനൗണ്‍സര്‍.തല്‍ക്കാലം മടിയൊക്കെ മാറ്റിവെച്ച് ഞാന്‍ അടിമുടി വോട്ട് പിടുത്തം തുടങ്ങി.കരഞ്ഞും കാലു പിടിച്ചും പരദൂഷണങ്ങളുടെ കെട്ടഴിച്ചും വീമ്പുപറഞ്ഞും നാട്ടുകാരെ ഞാന്‍ പറ്റിക്കാന്‍ തുടങ്ങി.

അങ്ങനെ ഇലക്ഷന്‍ റിസല്‍റ്റ് വന്നു.വമ്പിച്ച ഭൂരിപക്ഷത്തില്‍ അന്നമ്മ ജയിച്ചു.ഞാന്‍ തുള്ളിചാടി.പടക്കം പൊട്ടിച്ചു.
ഒന്നും പറയണ്ട-അവള്‍തന്നെ പഞ്ചായത്ത് പ്രസിഡന്‍റുമായി.വിധിയുടെ വിളയാട്ടം..അല്ലാതെന്താ..!

പക്ഷെ..!

പെണ്ണല്ലേ..കാലുമാറി കളഞ്ഞു.അധികാരവും കസേരയും കിട്ടിയപ്പോള്‍ അന്നമ്മ തനി രാഷ്ട്രീയകാരിയായി.അവള്‍ക്കിപ്പോള്‍ ഈ ദാസപ്പന്‍ ചേട്ടനെ അറിയില്ല പോലും.എന്തായാലും എന്നെ പറഞ്ഞാല്‍ മതിയല്ലോ..കൈകഴുകി വന്നപ്പോള്‍ ചോറില്ല എന്ന് പറഞ്ഞതുപോലെയായി.

എന്ത് ചെയ്യും.തിരിച്ചൊരു പണികൊടുത്താലോ?വേണ്ട..ആണുങ്ങള്‍ അത്ര ചീപ്പല്ല.പക്ഷെ ഒര് കാര്യത്തില്‍ ഇപ്പോള്‍ സന്തോഷമുണ്ട്.ആരുമെന്നെ ഇപ്പോള്‍ മടിയന്‍ ദാസപ്പന്‍ എന്ന് വിളിക്കുന്നില്ല..!അങ്ങനെയെങ്കിലും മടി മാറി കിട്ടിയല്ലോ..!

കുറിപ്പ്.
സോപ്പ് കമ്പനിയിലെ തിരക്കിട്ട ജോലിക്കിടയിലാണ് ഞാന്‍ എന്‍റെ ജീവിത കഥ കുറിച്ചത്.അന്നമ്മ പോയ ഒഴിവിന് എനിക്കിവിടെ ജോലി കിട്ടി.

എന്ന്
സ്വന്തം
ദാസപ്പന്‍

ONV Kurup

അക്ഷരമുറ്റത്തെ ആല്‍മരം


ശ്രീ ഒ. എന്‍ . വി. കുറുപ്പ്, ഒറ്റപ്ലാക്കല്‍ നീലകണ്‌ഠ വേലു കുറുപ്പ്. മലയാള കവിതാ ലോകത്തെ ആശ്വാരൂടന്‍ , സാധാരണക്കരുടെ ഹൃദയത്തെ തൊട്ടറിഞ്ഞ കവി, അക്ഷരമുറ്റത്തെ മഹാവൃക്ഷം, അങ്ങനെ വിശേഷണങ്ങള്‍ ഒരുപാട് അര്‍ഹിക്കുന്ന മലയാളത്തിന്റെ സ്വന്തം കവി, ഇന്ന് അദ്ദേഹം ജ്ഞാനപീഠം എന്നാ പരമ്മോന്നത പട്ടത്തിനു ഉടമയായി.

എന്റെ അഭിപ്രായത്തില്‍ ഒരു മലയാളിയും ഇത് അതിശയോക്തിയോട് കൂടി വീക്ഷിക്കില്ല. അദ്ദേഹം അര്‍ഹിച്ചിരുന്ന പദവി തന്നെയാണ് അദ്ദേഹം ഇന്ന് അലങ്കരിച്ചതും. മലയാള സിനിമ ലോകത്തിനു ഒരു പിടി നല്ല ഗാനങ്ങള്‍ നല്‍കി അതിന്റെ യശസ്സ് വാനോളം പുകഴ്ത്തിയത്തില്‍ ശ്രീ ഒ. എന്‍ . വി. കുറുപ്പ് വഹിച്ച പങ്കു അവര്‍ണനീയമാണ്. കവിത എന്നത് കേവലം വാക്കുകള്‍ കൂട്ടി ചേര്‍ത്ത അര്‍ത്ഥശൂന്യമായ ഗദ്യമല്ല മറിച്ചു അതിലെ ഓരോ വാക്കും ഓരോരോ ബിംബങ്ങള്‍ ആണെന്ന് പറഞ്ഞ മഹാകവിയാണ് അദ്ദേഹം. ജ്ഞാനപീഠം എന്നാ മഹാപുരസ്കാരം ഏറ്റു വാങ്ങുമ്പോഴും ഇനിയും കൂടുതല്‍ കൂടുതല്‍ മനുഷ്യമനസ്സുകളെ തൊട്ടുണര്‍ത്തുന്ന സൃഷ്ടികള്‍ക്ക് വേണ്ടി ആ തൂലിക ചാലിപ്പിക്കട്ടെ എന്ന് ആസംസയോടെ നിര്‍ത്തുന്നു.