Story

3G

മൂന്ന് വര്‍ഷം പഠിപ്പിച്ച ടീച്ചറാണ് അടുത്തിരിക്കുന്നത്.12 വര്‍ഷം മുമ്പ് അഞ്ചാം ക്ലാസ് മുതല്‍ എഴാം ക്ലാസ് വരെ.ടീച്ചര്‍ മുന്നിലേക്ക് നടന്നു വന്ന് എന്റെ അടുത്ത കസേരയില്‍ ഇരുന്നപ്പോള്‍ തന്നെ എനിക്ക് ടീച്ചറെ മനസ്സിലായിരുന്നു.പക്ഷെ ടീച്ചറിന്റെ പേരോര്‍ത്തെടുക്കാന്‍ 5 മിനിട്ടെടുത്തു.സുമ ടീച്ചര്‍.കണക്കായിരുന്നു പഠിപ്പിച്ചിരുന്നത്.മുടിയൊക്കെ നരവീണ് മധ്യവയസ്‌കയുടെ കുപ്പായമണിഞ്ഞ ടീച്ചര്‍ക്ക് എന്നെ കണ്ടാല്‍ മനസ്സിലാകാനിടയില്ല.ആശുപത്രിയുടെ കാത്തിരിപ്പ് കസേരകള്‍ക്ക് മുന്നില്‍ ചിലച്ചുകൊണ്ടിരുന്ന ടി വിയിലേക്ക് ടീച്ചര്‍ നോക്കിയിരുന്നു.

എന്നെ 3 വര്‍ഷം കൂട്ടാനും കുറക്കാനും പഠിപ്പിച്ച ടീച്ചറാണ്.വെള്ളിയാഴ്ചകളില്‍ മാത്രം വരാറുള്ള സോഷ്യല്‍ പീരിഡില്‍ എന്നെ കൊണ്ട് പാട്ടു പാടിപ്പിച്ച ടീച്ചറാണ്.ഓണ പരീക്ഷക്ക് അഞ്ച് ബി-ല്‍ കണക്കിന് കൂടുതല്‍ മാര്‍ക്ക് വാങ്ങിയപ്പോള്‍ പേന സമ്മാനമായി നല്‍കിയ ടിച്ചറാണ്.

ആ ടീച്ചറിനെ,ഇപ്പോള്‍ ഞാന്‍ നോക്കിയതേയില്ല.ടീച്ചര്‍ക്ക് ഞാന്‍ മുഖം കൊടുക്കാതെയിരുന്നു,എന്റെ പേരു പറഞ്ഞാല്‍ ടീച്ചര്‍ക്കെന്നെ അറിയുമായിരുന്നെങ്കിലും.’ടീച്ചര്‍ സുഖമാണോ..ഇപ്പോള്‍ എവിടെയാണ്..?’എന്നു ചോദിക്കാന്‍ എന്റെ നാവ് പൊങ്ങിയില്ല.’ഇവിടെ ആശുപത്രിയില്‍..?എന്താ പറ്റിയത്..അസുഖമെന്തേലും..?’എന്നു പോലും ചോദിച്ചില്ല ഞാന്‍.

എനിക്കെന്താണ് പറ്റിയത്..?ഞാന്‍ ഇങ്ങനെ ആയിരുന്നില്ലല്ലോ..

എന്റെ ടോക്കണ്‍ വിളിച്ചു.ഡോക്ടറെ കണ്ടു.തിരിച്ചിറങ്ങുമ്പോള്‍ ടീച്ചര്‍ എന്നെ ശ്രദ്ധിക്കാതിരിക്കാന്‍ ഞാന്‍ നോക്കി.കാത്തിരിപ്പിന്റെ വിരസതയില്‍ ടീച്ചര്‍ ഉറങ്ങുന്നുണ്ടായിരിക്കും.

ആരെയും നോക്കാതെ,ഒന്നുമറിയാതെ ഞാന്‍ പുറത്തിറങ്ങി.എന്റെ അഴുക്കു പിടിച്ച മനസ്സിനെ പേറി നടക്കുന്ന ശരീരത്തെ ചെരിപ്പില്‍ കയറ്റി നടന്നു തുടങ്ങി.ഈ ചെരിപ്പുകള്‍ ഇല്ലായിരുന്നെങ്കില്‍ എന്റെ അഴുക്ക് വ്രണം പിടിച്ച കാലിലൂടെ ഒലിച്ചിറങ്ങി ഭൂമിക്കുമേല്‍ പടര്‍ന്ന് പകരുമായിരുന്നു.ഭൂമിയെ മലീമസമാക്കാതിരിക്കാനാണ് എന്റെ ചെരിപ്പുകള്‍ എന്നെനിക്ക് തോന്നി.

എന്തുകൊണ്ടാണ് ഞാന്‍ ടീച്ചറിനോട് മിണ്ടാതിരുന്നത്.എനിക്കറിയാം ആ ചോദ്യത്തിന്റെ ഉത്തരം.നന്നായി അറിയാം.ആള്‍ക്കാരോടിടപെടാന്‍ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കാന്‍ എന്നെ സമ്മതിക്കുന്നില്ല.എന്നെ പിന്‍വലിക്കുന്നത് എന്റെ മാറിയ മനസ്സാണ്.എന്റെ മനസ്സിന്റെ ശേഷി ഇല്ലാതായിക്കൊണ്ടിരിക്കുന്നു.കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്റെ ശരീരത്തില്‍ രോഗങ്ങള്‍ കൂടാരം പണിയും.40 വയസ്സിനു മുകളില്‍ ഞാന്‍ ജീവിച്ചിരിക്കുകയില്ല.ജീവിച്ചിരുന്നാല്‍ തന്നെയും തുടര്‍ന്നുള്ള നാളുകള്‍ മരണത്തിനു വേണ്ടിയുള്ള മരവിച്ച കാത്തിരിപ്പായിരിക്കും.

എവിടെയാണ് എനിക്ക് വഴി തെറ്റിയത്.എന്റെ ലോകം മുറിക്കുള്ളിലെ നാല്് ചുവരുകള്‍ക്കിടയിലേക്ക് ചുരുങ്ങിയപ്പോള്‍-അന്നു മുതല്‍.അന്നു മുതല്‍ എന്നിലെ ഞാന്‍ മരിക്കാന്‍ തുടങ്ങിയിരുന്നു.

അതെ പറഞ്ഞെത്തി നില്‍ക്കുന്നത്് ഇന്റര്‍നെറ്റിനെ കുറിച്ചാണ്.സോഷ്യല്‍ നെറ്റുവര്‍ക്കുകളെ കുറിച്ചാണ്.ഫേസ്ബുക്കിനെ കുറിച്ചാണ്.അതൊക്കെയാണ് ലോകം എന്നു കരുതിയ ഞാന്‍ എന്ന വിഡ്ഢിയെ കുറിച്ചാണ്..

ലഹരിയായിരുന്നു.ഒരിക്കലറിഞ്ഞപ്പോള്‍ വീണ്ടും വീണ്ടും അറിയണമെന്ന് തോന്നി പോയ ഭ്രാന്തമായ ലഹരി.അത് നുണഞ്ഞ് നുണഞ്ഞ് ഞാനും മനുഷ്യനല്ലാതായിക്കൊണ്ടിരുന്നു..3rd Generation വിപ്ലവത്തെ പ്രതിനിധീകരിക്കുന്ന ലക്ഷകണക്കിന് ഭ്രാന്തമാരില്‍ ഒരുവനായി ഞാനും..

കിളിമൊഴികള്‍.കൊഞ്ചലുകള്‍.ഒരു വരി മണ്ടന്‍ കവിതയ്ക്ക് കിട്ടുന്ന ലൈക്ക്‌സും കമന്റ്‌സും.കൂട്ടുകാര്‍ ‘ഷെയര്‍’ ചെയ്യാന്‍ ആരംഭിച്ചതോടെ മൊബൈല്‍ ക്യാമറയില്‍ തുരുതുരാ ചിത്രങ്ങളെടുക്കാനും തുടങ്ങി.
അങ്ങനെ..അങ്ങനെ..അങ്ങനെ..സ്വതന്ത്രനായി..എന്റെ മാത്രം ലോകത്തില്‍,ഒരു പട്ടം കണക്കേ ഞാന്‍ അലഞ്ഞു.

വഴിയാത്രകളില്‍,ബസ്സില്‍,ക്ലാസ് റൂമിലെ വിരസതയില്‍ മൊബൈല്‍ ഫോണ്‍ സൈബര്‍ ലോകത്തേക്കുള്ള എന്റെ വഴിവിളക്കായി..

‘എന്ത് നേടി’?
നഷ്ടങ്ങളല്ലേ ഉള്ളൂ..

‘പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പക്വതയുണ്ടോ നിനക്ക്..?’
‘നാലുപേര്‍ കൂടുന്നിടത്തു നിന്ന് നീ എവിടേക്കാണ് ഒളിക്കുന്നത്?’
‘എന്താണ് നിനക്കിത്ര ദേഷ്യം?’
‘രാത്രിയില്‍ 2 മണി വരെ എന്ത് ചെയ്യുകയാണ് നീ?’
‘ഒറ്റയ്ക്ക് പോയി ഗ്യാസ് ബുക്ക് ചെയ്യാന്‍ നിനക്കാകുമോ?’
‘നീ റേഷന്‍ കടയില്‍ ക്യൂ നിന്നിട്ടുണ്ടോ?’
‘നാളെ നീ എങ്ങനെ ജീവിക്കും?’

എനിക്ക് നേരെയുള്ള ചോദ്യങ്ങള്‍.പഴയ തലമുറയുടെ ഒരായിരം ചോദ്യങ്ങള്‍.ഒന്നിനും ഉത്തരമില്ലാതായിരിക്കുന്നു എനിക്ക്.
ചോദ്യങ്ങള്‍ ആദ്യമൊന്നും കാര്യമാക്കിയില്ല.വിലക്കെടുത്തില്ല.പുച്ഛിച്ചു.നാക്കു പുറത്തേക്കിട്ടിരിക്കുന്ന സ്‌മൈലി,അവനേയും കൂട്ടുപിടിച്ചു.

‘ജോലിയൊന്നും വേണ്ടേ?’-ഉത്തരവാദിത്തപെട്ടവരുടെ ചോദ്യം.
ബഗളൂരുവിലോ ചെന്നൈയ്ിലോ ഏതേലുമൊരു ഐടി കമ്പനിയില്‍ കയറി കൂടണം.അങ്ങനെയൊക്കെയാരുന്നു കുറച്ചു നാള്‍ മുമ്പ് വരെ മനസ്സില്‍.അവിടെയും കമ്പ്യൂട്ടറിനെ കൈ വിടാന്‍ തയ്യാറല്ലായിരുന്നു.

‘അപ്പോള്‍ നിന്റെ കല്യാണം?’-അമ്മ വകയാണ് ഇത്തരം ചോദ്യങ്ങള്‍ പതിവ്.
കൂടെകിടക്കുന്ന പെണ്ണിന്റെ സുഖത്തേക്കാള്‍ ബെസ്റ്റ് Prone site-ല്‍ തിളച്ചു മറിയുന്ന രതിയുടെ പുതിയ രുചികളല്ലേ-അങ്ങനെയും ചിന്തിച്ചു ഞാന്‍ ഉള്‍പ്പെടുന്ന മൂന്നാം തലമുറ.കല്യാണം വെറും ശരീര കൈമാറലാണെന്നു കരുതുകയും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒാടിമറയുകയുമായിരുന്നു ഞങ്ങള്‍.

ഇപ്പോള്‍ തിരിച്ചറിവുണ്ടാകുന്നു.
എല്ലാം മനസ്സിലാകുന്നു.

കുറച്ചു നാള്‍ എല്ലാത്തിനും നിയന്ത്രണം വെച്ചു.ആ സമയത്ത് കുറേ പുസ്തകള്‍ വായിച്ചു.സഫലമീ യാത്ര,രണ്ടാമൂഴം,മയ്യഴിപുഴയുടെ തീരങ്ങളില്‍ വീണ്ടും വായിച്ചു.മനസ്സില്‍ ഒരു വസന്തകാലം തിരിച്ചു വരുന്നതുപോലെ..
വീട്ടില്‍ സന്തോഷം.ഇതായിരുന്നു നീ..

ഇനി എനിക്ക് ടീച്ചറെ കാണുമ്പോള്‍ ധൈര്യമായി ക്ഷമ ചോദിക്കാം.

 

L.T.Maratt

http://kundarajunction.blogspot.com/2011/11/3g.html

 

Christmas_night

ഓര്‍മ്മയില്‍ ഒരു ക്രിസ്തുമസ് രാവ്

“ഉണരു ഉണരു സോദരരേ..”

ഈ പാട്ടുംകേട്ട് ഞെട്ടിയുണര്‍ന്ന് വാച്ചെടുത്ത് നോക്കിയപ്പോള്‍ സമയം 12.30 കഴിഞ്ഞിരുന്നു.ആരാണപ്പാ..ഈ നട്ടപ്പാതിരാക്ക് കടന്ന് പാടണത് എന്നായി ചിന്ത.പക്ഷെ ശ്രദ്ധിച്ചു കേട്ടപ്പോള്‍ നല്ല പരിചയമുള്ള പാട്ട്.അതെ..അതു തന്നെ.പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാത്രിയില്‍ ഏകദേശം ഈ സമയത്തൊക്കെ ഞാനും ബാലസംഘവും ഈ പാട്ട് നാടുനടുങ്ങണ ഒച്ചയില്‍ തൊണ്ട പൊളിഞ്ഞ് പാടിയിരുന്നു.നല്ല തണുപ്പത്ത് മൂടി പുതച്ച് കിടന്നപ്പോള്‍ മനസ്സില്‍ മൊത്തം ഒരായിരം ലില്ലി പൂക്കള്‍ വിരിയിച്ച് കുളിരോടെ,സുഖമോടെ ‍ഞാന്‍ ആ പഴയ കരോള്‍ ഗാനം പാടി.സാന്താക്ലോസ് വേഷം കെട്ടി നടന്ന ആ കാലം ഓര്‍ത്തെടുത്തു.

എനിക്കന്ന് പത്ത് പന്ത്രണ്ട് വയസ്സ് പ്രായം കാണും.ക്രിസ്തുമസ് അവധിക്ക് സ്കൂള്‍ പൂട്ടി നില്‍ക്കണ സമയം.വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ വാനരസംഘത്തിന്‍റെ മീറ്റിങ്ങുണ്ട്.പിന്നെ ആകെ ബഹളമാണ്.ക്രിസ്തുമസിന് നാലഞ്ച് ദിവസം മുമ്പാണ് ഞങ്ങള്‍ സാന്താക്ലോസ്,ഞങ്ങളുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ ക്രിസ്തുമസ് അപ്പൂപ്പന്‍ കെട്ടിയിറങ്ങാന്‍ തീരുമാനമെടുക്കുന്നത്.തീരുമാനം കൈക്കൊണ്ട് കഴിഞ്ഞാല്‍ പിന്നെ തര്‍ക്കമാണ്.കൂട്ടത്തില്‍ എല്ലാര്‍ക്കും കെട്ടണം സാന്താക്ലോസിന്‍റെ വേഷം.അത് നടപ്പില്ലല്ലോ.ഒടുവില്‍ തര്‍ക്കം മൂത്ത് തമ്മില്‍ പിടിയും വലിയുമാകുമ്പോള്‍ കൂട്ടത്തിലെ ഒന്നൊന്നര തടിയനായ ഒരുത്തനുണ്ട്,അവന്‍ കായബലത്തിന്‍റെ പിന്‍ബലത്തില്‍ ക്രിസ്തുമസ് പപ്പാഞ്ഞി വേഷം പിടിച്ചു വാങ്ങൂം.ഞങ്ങള്‍ എലുമ്പന്‍സ് ‍ടീം മനസ്സില്ലാമനസ്സോടെ അത് സമ്മദിക്കുകയും ചെയ്യും.

വേഷം കെട്ടുന്നയാളെ തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ സാമഗ്രികള്‍ ഒപ്പിക്കാനുള്ള ഓട്ടമാണ്.ആദ്യം തേടുന്നത് സാന്താക്ലോസിന്‍റെ ചിരിക്കുന്ന മുഖംമൂടിയാണ്.അതിന് അന്ന് 25 രൂപയോളം വിലയുണ്ട്.ഞങ്ങള്‍ അവരവരുടെ വീട്ടില്‍ നിന്ന് 2ഉം 3ഉം രൂപയൊക്കെ വെച്ച് തെണ്ടി പിരിച്ച് 25 രൂപ കഷ്ടിച്ച് തികയ്ക്കും.രണ്ട് വാനരന്‍മാര്‍ അപ്പോള്‍ തന്നെ കടയിലേക്കോടി മുഖംമൂടിയും വാങ്ങി വരും.25 രൂപയ്ക്ക് കിട്ടുന്ന മുഖംമൂടി വിലകുറഞ്ഞ ലോക്കല്‍ സാധനമാണ്.അതിന്‍റെ താടിയും മീശയുമുണ്ടാക്കിയിരിക്കുന്ന പഞ്ഞി ഇളകി അവലക്ഷണം പിടിച്ചതുപോലെയാണിരിക്കുന്നത്.അത് ഒട്ടിച്ച് ശരിപ്പെടുത്തണം.പശ വാങ്ങണമെങ്കില്‍ കുറഞ്ഞത് 5രൂപയെങ്കിലും വേണം.വീട്ടില്‍ ഇനിയും കാശിനു ചെന്നാല്‍ ഓടിക്കും.അതുകൊണ്ട് വട്ടമരത്തിന്‍റെ കറകൊണ്ട് (ഇന്നത്തെ തലമുറ വട്ടമരം കണ്ടിട്ടുണ്ടാകുമോ,എന്തോ..!)താടിയും മീശയും ഒരു പരുവത്തിലങ്ങു ഒട്ടിച്ച് ഒപ്പിക്കും.

ഇനി വേണ്ടത് സാന്താക്ലോസിന്‍റെ കൈയിലൊരു വടിയാണ്.വൃത്തിയായി അലങ്കരിച്ച ഒന്ന്.നല്ല നീളത്തിലും കനത്തിലും ഒര് കമ്പ് വെട്ടി ചെത്തി മിനുക്കി ഷേപ്പാക്കി വൃത്തിയായി തോരണമൊക്കെ ഒട്ടിച്ച് കമ്പിന്‍റെ അറ്റത്ത് മുകളിലായി രണ്ട് ബലൂണ്‍ കൂടി കെട്ടുമ്പോള്‍ സാന്താക്ലോസ് കൈയില്‍ കൊണ്ടു നടക്കുന്ന വടി റെഡി.

അടുത്തത് സാന്താക്ലോസിന്‍റെ കുപ്പായമാണ്.അത് ഒപ്പിക്കുന്നതാണ് വലിയ തമാശ.നല്ല ചുമന്ന കളറിലെ കാലറ്റം വരെ നീളമുള്ള കുപ്പായമാണ് വേണ്ടത്.ഞങ്ങള്‍ വാനരസംഘം വരുമാനമില്ലാത്ത,തൊഴിലില്ലാത്ത,സ്പോണ്‍സര്‍മാരില്ലാത്ത പാവം കിടാങ്ങളല്ലേ.ഞങ്ങള്‍ കുപ്പായം എവിടുന്ന് ഒപ്പിക്കാനാണ്.അതിനും ഞങ്ങള്‍ വഴി കണ്ടെത്തി.വാനരസംഘത്തിലെ ചുണക്കുട്ടികള്‍ അപ്പോള്‍ തന്നെ അടുത്ത വീട്ടിലെ ചേച്ചിയുടെ അടുത്തേക്ക് ഓടും.

ചേച്ചി ചുവന്ന കളര്‍ നൈറ്റി ഉണ്ടോ..?

ഇല്ലല്ലോ..!

ചേച്ചിയുടെ മറുപടി ഇല്ല എന്നാണെങ്കില്‍ അടുത്തവീട്ടിലേക്കോട്ടമായി.നാലഞ്ച് വീട് കയറി ഇറങ്ങുമ്പോഴേക്കും എവിടേലും ഏതെങ്കിലും വീട്ടില്‍ ചുവന്ന നൈറ്റി കഴുകിയിട്ടേക്കുന്നത് കണ്ണില്‍ പെടും.എടുത്തോട്ടെ എന്നൊന്നും ചോദിക്കാന്‍ നില്‍ക്കില്ല.അതും പൊക്കി വാനരസംഘം വിജയശ്രീ ലാളിതരായി മടങ്ങിയെത്തും.

ഇനി വേണ്ടത് ഒര് തലയിണയും ഒരു ചുറ്റ് കയറുമാണ്.സാന്താക്ലോസിന്‍റെ കുടവയര്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണിത്.തലയിണ വയറില്‍ ഫിറ്റ് ചെയ്ത് നന്നായി കെട്ടി വെയ്ക്കും.കുടവയര്‍ റെഡി.

ഇത്രയും റെഡിയായി കഴിഞ്ഞാല്‍ അവസാന ഐറ്റത്തിനു വേണ്ടി ഓട്ടം തുടങ്ങും.നാട്ടുകാരെ കള്ള ഉറക്കത്തില്‍ നിന്നും ഉണര്‍ത്താന്‍ ഒരു ഡ്രം ആവശ്യമാണ്.അതിന്‍റെ ഭീകരമായ ഒച്ചകേട്ട് വേണം നാട് നടുങ്ങാന്‍.ഒരു ഡ്രം വാടകയ്ക്ക് എടുക്കണ കാര്യം ആലോചിക്കാന്‍ കൂടി കഴിയുമായിരുന്നില്ല.250രൂപയാണ് ഇടത്തരം ഡ്രമിന് ഒരു ദിവസം വാടക.25 രൂപ ഒപ്പിച്ച കഷ്ടപ്പാട് ഞങ്ങള്‍ക്കറിയാം.അതിനും പരിഹാരമുണ്ടാക്കി.കൂട്ടത്തില്‍ ഒരു വാനരന്‍റെ അച്ഛന്‍ എക്സൈസിലാണ്.അവന്‍റെ വീട്ടില്‍ ചെന്ന് വാറ്റ് ചാരായം പിടിച്ച 2 കിടിലം കന്നാസുകള്‍ സംഘടിപ്പിച്ചു.പാവങ്ങളുടെ ഡ്രം റെഡി.

പിന്നെ രാത്രിയാകാന്‍ വേണ്ടിയുള്ള നീണ്ട കാത്തിരിപ്പാണ്.വൈകുന്നേരം 6 മണി മുതല്‍ സാന്താക്ലോസിനെ ഒരുക്കാന്‍ തുടങ്ങും.ആദ്യം കുടവയര്‍ ഫിറ്റ് ചെയ്യണ ചടങ്ങാണ് നടത്തുന്നത്.പിന്നെ ചുവന്ന നൈറ്റി അണിയിക്കും.അവസാനത്തെ ഡ്രസ് റിഹേഴ്സല്‍ കൂടി കഴിയുമ്പോഴേക്കും സമയം 9 മണിയാകും.

9 മണിക്ക് കാഹളം മുഴങ്ങും.കന്നാസില്‍ കമ്പു വീഴും.ആരവങ്ങള്‍ തുടങ്ങും.നാട് വിറകൊള്ളും.വാനരസംഘത്തിന്‍റെ വരവ് മാളോരറിയും.

ഞാനായിരുന്നു സംഘത്തിലെ ആസ്ഥാന പാട്ടുക്കാരന്‍.എന്‍റെ ചീവിടുപോലുള്ള ഒച്ച ഒരു വീട്ടില്‍ മുഴങ്ങി കഴിഞ്ഞാല്‍ അത് അടുത്ത പഞ്ചായത്ത് വരെ ചെന്ന് വരവറിയിച്ച് തിരിച്ചു വരും.അത്രയ്ക്ക് കെങ്കേമമാണ്.

സാന്താക്ലോസുമായുള്ള യാത്ര ബഹുരസമാണ്.ഒരിക്കല്‍ നമ്മുടെ സാന്താക്ലോസ് തടിയനെ പട്ടി കടിക്കാന്‍ ഓടിച്ചു.കൊടുത്തു സാന്താക്ലോസ് പട്ടിയുടെ പള്ളയ്ക്കിട്ടൊരു കീറ്.പട്ടിയുടെ അണ്ടകടാഹം വരെ കലങ്ങിയിട്ടുണ്ടാകണം.വേറൊരിക്കല്‍ സാന്താക്ലോസ് തുള്ളിക്കൊണ്ട് നിന്നപ്പോള്‍ വയറ്റില്‍ കെട്ടിവെച്ചിരുന്ന തലയിണ അഴിഞ്ഞുപോയി.അവന്‍റെ ഒടുക്കത്തെ തുള്ളനിന് എന്‍റെ വക ഒരു വിമര്‍ശനവും ഞാന്‍ പാസാക്കി.ഞാന്‍ ആരുന്നെങ്കില്‍ തകര്‍ത്തേനെ എന്നൊരു വാല്‍ക്കഷ്ണവും.

ചിലമാന്യന്‍മാര്‍ ഗേറ്റ് തുറക്കില്ല.ഞങ്ങളെ പുച്ഛമാണ്.ആ വീടിനു മുന്നിലായിരിക്കും ഞങ്ങളുടെ കലാപ പരിപാടികള്‍ പിന്നെ പൊടി പൊടിക്കുക.തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഞങ്ങള്‍ അവിടെ നിന്നു പാടും.

” ഉണരു ഉണരു സോദരരേ..”

രക്ഷയില്ലെന്നറിഞ്ഞാല്‍ കന്നാസിലിട്ട് കൊട്ടി വീട്ടുകാരെ പുകച്ചു പുറത്ത് ചാടിക്കും.തെറി വിളിയും എത്രയോ കേട്ടിരിക്കുന്നു.cultureless peoples..!

ഇങ്ങനെയൊക്കെ എന്തു രസമായിരുന്നു കുട്ടിക്കാലത്തെ ക്രിസ്തുമസ് രാത്രികള്‍.പിരിഞ്ഞു കിട്ടുന്ന നാണയത്തുട്ടുകള്‍ കൂട്ടിവെച്ച് ക്രിസ്തുമസിന് ഞങ്ങള്‍ കേക്കു വാങ്ങിക്കും.എല്ലാവരും ചേര്‍ന്ന് അത് മുറിക്കും.എന്നിട്ട് അയല്‍പക്കത്തെ വീണ്ടുകളില്ലെല്ലാം വിതരണം ചെയ്യും.കൂട്ടത്തില്‍ ഒരു ഹാപ്പി ക്രിസ്തുമസും പാസാക്കും.ജീവിതത്തില്‍ ഇത്രയും സന്തോഷിച്ച ദിവസങ്ങള്‍ വേറെയുണ്ടായിട്ടില്ല.അതൊന്നും ഇനി തിരികെ കിട്ടില്ലല്ലോ..!

കട്ടിലില്‍ കിടന്നുകൊണ്ട് വീണ്ടും ആ കരോള്‍ ഗാനത്തിന് കാതോര്‍ത്തു.ഇപ്പോഴത് കേക്കണില്ല.ആ സംഘം വേറെ ഏതോ ദിക്കിലേക്ക് പോയിട്ടുണ്ടാകണം.പതിയെ ഞാന്‍ മയക്കത്തിലേക്ക് വീഴുമ്പോള്‍ ആ കരോള്‍ ഗാനം വീണ്ടും എന്‍റെ മനസ്സില്‍ ഉണര്‍ന്നു..

“യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
ഒരു ധനുമാസത്തില്‍ വിടരും രാവില്‍
രാപ്പാര്‍ത്തിരുന്നു അജപാലകര്‍
ദേവരാഗം കേട്ടു ആമോദത്തോടെ
അന്നു തിങ്കള്‍ കല പാടി ഗ്ലാറിയ..”