Amrita Vishwa Vidyapeetham, Amritapuri Campus
Posts tagged Maratt Stories
എന്റെ ഉന്തിയപല്ലും കോളേജ്ബ്യൂട്ടിയും
Nov 1st
Posted by Maratt.L.T in Humor
തെക്കേടത്തുനിന്ന് കൊണ്ടുവന്ന നല്ല സൊയമ്പന്‍ രുചിയുള്ള മാമ്പഴം ആസ്വദിച്ചങ്ങനെ കഴിക്കുകയായിരുന്നു ഞാന്‍.നല്ല നാരിറങ്ങിയ മാമ്പഴമായിരുന്നു.എന്റെ ഐഡന്റിറ്റിയുടെ പ്രതീകമായ മുന്പിലെ ഉന്തിനില്ക്കുന്ന രണ്ട് പല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ നാരങ്ങനെ വലിച്ചു പുറത്തേക്കിടാന്‍ ഞാന്‍ ഇമ്മിണി കഷ്ടപ്പെട്ടു.ഉന്തിയ വിഖ്യാതമായ പല്ലുകള്‍ക്കിടയില്‍ കൈ തടഞ്ഞപ്പോഴാണ് മനസ്സില്‍ പഴയൊരു കഥ ഓര്‍മ്മവന്നത്.കുറച്ചധികം പഴകിയ സുന്ദരമായ ഒരു കഥയാണ്.ഉന്തിയ പല്ലുകള്‍ ഞാന്‍ വലിയൊരു ശാപമായി കണ്ടിരുന്ന സമയത്ത് നടന്ന ഒരു സംഭവ കഥ.അക്കാലത്ത് പല്ലുകള്‍ അങ്ങനെ പുറത്ത് ചാടിപോകാതിരിക്കാന്‍ ഞാന്‍ അധികം ആരോടും സംസാരിച്ചിരുന്നില്ല.കോളേജില്‍ അതുകൊണ്ട് ഞാന്‍ നല്ല കുട്ടിയായിരുന്നു.
അങ്ങനെ ഒരു ദിവസം ഞാന്‍ കോളേജിന്റെ ഇടനാഴിയില്‍ നിന്നിറങ്ങി വലതു വശത്തെ വഴിയിലേക്ക് തിരിഞ്ഞപ്പോള്‍ പുറകില്‍ നിന്നൊരു വിളി-”ടാ..ചുണ്ടെലീ…”-ന്ന്.എന്റെ ബെസ്റ്റ് ടൈമായിരുന്നത് കൊണ്ട് ഫസ്റ്റ് ഇയറിലെ എല്ലാ പെണ്‍ത്തരികളും അവിടെ സന്നിഹിതരായിരുന്നു.എന്റെ ക്ലാസില്‍ തന്നെ പഠിക്കുന്ന ഒരു പഹയന് തെണ്ടി തന്നെയാണ് എന്നെ അപമാനിച്ചത്.സത്യമായും ഇതിനു മുന്‍പ് ഞാന്‍ അവനോട് ഒരു തെറ്റും ചെയ്തിട്ടില്ലായിരുന്നു.അല്ലെങ്കില്‍ അവന് പകപോക്കിയതാ എന്നോര്‍ത്തെങ്കിലും വെറുതെ സമാധാനിക്കാരുന്നു.എന്നിട്ടും അവന്..എനിക്കാകെ തരിച്ചു വന്നു.എവിടെനിന്നോ കിട്ടിയ ആവേശത്തിന്റെ പുറത്ത് ഞാന്‍ ഓടി ചാടി അവന്റെ അടുത്തേക്ക് ചെന്ന് “നീയെന്നെ എലീന്നു വിളിക്കും അല്ലേടാ പന്നിമോറാ..”-എന്നും പറഞ്ഞ് അവന്റെ മുഖത്തിനിട്ട് ഒരുഗ്രന്‍ ഇടി പാസ്സാക്കി.പരിസരം നോക്കാതെ റിയാക്ട് ചെയ്തതിന്റെ പ്രതിഫലം എനിക്ക് ഉടന്‍ തന്നെ കിട്ടുകയും ചെയ്തു.അവന്റെ ഒരു കൂട്ടുകാരന്-തടിമാടന്‍ എവിടെ നിന്നോ ചാടിത്തുള്ളി വന്ന് എന്നെ ചന്നാറു പിന്നാറ് പൊട്ടിച്ചു.കൂട്ടത്തില്‍ എന്റെ ശാപം കിട്ടിയ പല്ലുകള്‍ക്കും കിട്ടി രണ്ട്.കിട്ടട്ടെ എന്ന് ഞാനും കരുതി.അവറ്റകള് കാരണമാണല്ലോ എനിക്കിന്ന് ഈ ഗതി വന്നത്.എന്നോട് ഒരു സ്നേഹവുമില്ലാത്ത അലവലാതികള്‍.ഞാന്‍ ഒരു നരുന്തായതുകൊണ്ട് ചോദിക്കാനും പറയാനുമൊന്നും നില്‍ക്കാതെ കിട്ടിതും കൊണ്ട് തൃപ്തിയടഞ്ഞ് വേദിയൊഴിഞ്ഞു.
ആളൊഴിഞ്ഞ ഒരു സ്ഥലം തിരഞ്ഞ് നടക്കുകയായിരുന്നു ഞാന്‍.ആ പന്നന്റെ കൈയില്‍ നിന്ന് പല്ലുകള്‍ക്കിടയിലെ സ്പോട്ടില്‍ കൊണ്ട ഇടി സ്റ്റൈലായി ഏറ്റു എന്ന് പറഞ്ഞാല്‍ മതീല്ലോ.ചോരയുടെ രുചി പതുക്കെ ഞാന്‍ അറിയാന്‍ തുടങ്ങി.പരിക്ക് എത്ര ശതമാനമുണ്ടെന്ന് അറിയാനാണ്,സ്വയം പരിശോധിക്കാനാണ് ഒരു സേഫ്റ്റി പ്ലേയിസ് ഞാന്‍ അന്വോഷിക്കുന്നത്.ആരും കാണരുതല്ലോ.ഭാഗ്യത്തിന് കാന്റീനടുത്തുള്ള പൈപ്പിന്റെമൂട്ടില്‍ ആരുമുണ്ടായിരുന്നില്ല.പറ്റിയ സ്ഥലം.ഞാനുറപ്പിച്ചു.അങ്ങനെ കൈയിലുണ്ടായിരുന്ന കണ്ണാടിയെടുത്ത് മുഖത്തിന് നേരെ പിടിച്ച് പരിക്ക് പരിശോധിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ തൊട്ടു പുറകില്‍ ചക്ക വെട്ടിയിട്ടതുപോലൊരു ഭീകരമായൊരു ഒച്ചകേട്ട് ഞാന്‍ പേടിച്ച് തിരിഞ്ഞുനോക്കി.
ഇതാണ് പറയുന്നത് എല്ലാത്തിനും ഒരു സമയവും കാലവുമൊക്കെ ഉണ്ടെന്ന്.ഇതാണ് എന്റെ സമയം.പിറകും കുത്തി ചടപടേന്ന് വീണത് മറ്റാരുമല്ല-അഹങ്കാരം കണ്ടു പിടിച്ച മൈസ്രേട്ട്,കോളേജിലെ സൗന്ദര്യ റാണി-മിസ് രേവതി നായര്‍.ഇതാണല്ലേ നായരു പിടിച്ച പുലിവാല്-അവളിരുന്ന് വാലുവരുന്ന ഭാഗം തടവിയപ്പോള്‍ എനിക്കങ്ങനെയാണ് തോന്നിയത്.
കാന്റീനു മുന്നിലെ ചെളിക്കെട്ടിന് പരിഹാരം കാണാനുള്ള സമരത്തിന് ഇന്നു മുതല്‍ ഞാനില്ല.ചെളിയെ..നിങ്ങള്‍ക്കു നന്ദി.നായരെ വീഴ്ത്തിയതിന്.
നായര്‍ ധൃതിയില്‍ എന്തോ തിരയുന്നത് അപ്പോഴാണ് ഞാന്‍ കണ്ടത്.അതെന്താണെന്നുള്ള ഉത്തരം അവളുടെ തലക്കു മുകളിന് തന്നെയുണ്ടായിരുന്നു.കുറ്റം പറയരുതല്ലോ.മുട്ട് വരെയുള്ള മുടിയും കുലുക്കി കുലുക്കി സകലമാന ആണുങ്ങളുടെയും കണ്ട്രോള് കളഞ്ഞാണ് ഭവതിയുടെ നടപ്പ്.ഇപ്പോ നോക്കിയപ്പോഴുണ്ടല്ലോ..,നായര്‍ക്ക് കഴുത്തറ്റം പോലും മുടിയില്ല.സംഗതി പിടിക്കിട്ടിയില്ലേ.നായര്‍ ഒളിപ്പിച്ചത് മറ്റൊന്നുമല്ല.വീഴ്ച്ചയുടെ ആഘാതത്തില്‍ തെറിച്ചുപോയ അസ്സല് വെപ്പുമുടിയായിരുന്നു-തിരുപ്പന്‍.
എന്തായാലും പുള്ളിക്കാരി ജനിച്ചിട്ട് ഇന്നേവരെ ഇത്രേം നാണം കെട്ടിട്ടുണ്ടാകില്ല.എനിക്കാണെങ്കില്‍ പണ്ടാരമടങ്ങാനായിട്ട് ചിരി വന്നിട്ടും പാടില്ല.”യുറേക്കാ യുറേക്കാ..കണ്ടുപിടിച്ചേ കണ്ടുപിടിച്ചേ..”-എന്നും വിളിച്ചോണ്ട് കോളേജ് മൊത്തം ഓടി നടന്ന് പുതിയ കഥ പറയാന്‍ എനിക്ക് ആവേശമായി.
പക്ഷെ എന്തു ചെയ്യാന്‍.എന്റെ ദൗര്‍ബല്യത്തില്‍ തന്നെ അവള് കൂച്ചുവിലങ്ങിട്ടു.സുന്ദരമായി ആ സുന്ദരി എന്റെ മുന്നില്‍ നിന്ന് കരഞ്ഞു.എന്തായാലും ഞാന്‍ നടന്നതൊന്നും ആരോടും പറയില്ലെന്ന് നായര്‍ക്ക് വാക്കു കൊടുത്തു.ഒടുവില്‍ എനിക്ക് ഒരു ചെറു പുന്ചിരി സമ്മാനിച്ച് അവള് പോയി.അവളെ വീഴ്ത്തിയ-കരയിപ്പിച്ച-ചിരിപ്പിച്ച എന്റെ സുന്ദരകുട്ടപ്പന്‍ പല്ലുകള്‍ക്ക് ജീവിതത്തിലാദ്യമായി ഞാന്‍ എന്റെ പേരിലും എന്റെ ശരീരത്തിലെ ഓരോ അവയവങ്ങളുടെ പേരിലും നന്ദി രേഖപ്പെടുത്തി.
അടുത്ത ദിവസം മുതല്‍ കോളേജിലെ കഥയാകെ മാറി.എന്റെ ശുക്രന് ഉദിച്ചു എന്നു തന്നെ പറയാം.പൊട്ടന് ലോട്ടറി അടിച്ചു എന്ന് പറഞ്ഞു ചില കുശുമ്പന്‍(മ്പി)പാപ്പരാസികള്‍.കഥ മറ്റൊന്നുമല്ല.കോളേജ് സുന്ദരി മിസ് രേവതി നായര്‍ എന്റെ ഒപ്പമായി നടത്തയും ഇരുത്തയും.കോളേജിലെ സകലമാന്യ ശിരോമണികളും അത്യാല്‍ഭുതത്തോടെ അത് നോക്കി നിന്നു.റാണിയുടെ കൂടെ നടക്കുന്നു എന്ന അവിഹിത മാര്‍ഗത്തിലൂടെ ഞാന്‍ അങ്ങനെ കോളേജിലെ രാജാവുമായി.
എന്നെ ചുണ്ടെലി എന്നു വിളിച്ച പന്നിമോറന്‍ വാലും മടക്കി പോക്കറ്റില്‍ വെച്ച് എന്നെ കാണാന്‍ വന്നു പിന്നീട്.കോളേജ് റാണിയെ വളയ്ക്കാന്‍ ഞാന്‍ വഴി ശുപാര്‍ശകത്ത് നല്കാന്.പിന്നെ..എന്റെ പട്ടി കൊടുക്കും.എന്തായാലും ആ പേരില്‍ കുറേ പുട്ടും കടലയും ഞാന്‍ അകത്താക്കി.ഒരു മധുര പ്രതികാരം.
എന്തായാലും പിന്നീടങ്ങോട്ട് എന്റെ സുവര്‍ണകാലമായിരുന്നു.എന്റെ പുറത്തേക്കുന്തിയ പല്ലുകളേ..ചുണക്കുട്ടപ്പന്‍മാരേ..നിങ്ങള്‍ക്കു നന്ദി..
ടിന്റുമോന്
Sep 17th
Posted by Maratt.L.T in Humor
നീലകുട വിരിച്ചു നില്ക്കുന്ന ആകാശം.കളകളമൊഴുകുന്ന പുഴ.പുഴക്കരയില്‍ ഓടി കളിക്കുന്ന മാന്പേടകള്.പ്രണയഗീതം പാടുന്ന കുഞ്ഞാറ്റകിളികള്‍.എവിടെ നിന്നോ വീശുന്ന ഇളംകാറ്റിന് പുതിയൊരു ഗന്ധം.മൊത്തത്തില്‍ പ്രകൃതി ഒരു റൊമാന്റിക്ക് മൂഡിലാണ്.ചുവന്ന പുഷ്പങ്ങള്‍ വിരിച്ചു നില്ക്കുന്ന മരത്തിനു താഴെ പ്രണയപരവശനായി ഞാനിരുന്നു.ആ നിമിഷം ഞാന്‍ രമണനെ ഓര്‍ത്തു.കൈയിലിരുന്ന പുല്ലാങ്കുഴല്‍ ഞാന്‍ ചുണ്ടോട് ചേര്‍ത്തു.അവിടമാകെ അനുരാഗഗാനം അലയൊലികൊണ്ടു.പുഴയും മലയും ആകാശവും സര്‍വചരാചരങ്ങളും ആ സംഗീതത്തില്‍ തെല്ലിട നിശബ്ദമായി.അകലെ ഞാനെന്റെ ചന്ദ്രികയുടെ പാദസ്വര കിലുക്കം കേട്ടു.അവള് എന്റെ അരികിലേക്ക് ഓടിയെത്തി.ഒരു നിമിഷാര്‍ധം..പ്രകൃതി കണ്ണടച്ചു..ഞാന്‍ അവളെ എന്നോടു ചേര്‍ത്തു..
“എന്റെ ചന്ദ്രികേ..”
“ഞാന്‍ ചന്ദ്രികയല്ല.ശ്യാമളയാ..”
യ്യോ..!ഞാന്‍ ഞെട്ടിയുണര്‍ന്നു.എന്റെ മുന്നിലേക്ക് നീണ്ട ചായഗ്ലാസ് താങ്ങിയ തങ്കവളയിട്ട കൈയുടെ ഉടമയുടെ ശബ്ദമാണ് ഞാന്‍ കേട്ടത്.ഇവിടെ നടക്കുന്നത് എന്റെ പെണ്ണുകാണല്‍ ചടങ്ങാണ്.നേരത്തെ ഞാന്‍ കണ്ടത് ഒരു സ്വപ്നവും.ആകെ ചമ്മിപ്പോയി.ഭാവി ഭാര്യേം അമ്മായി അപ്പനും അല്ലറ ചില്ലറയും എന്റെ പ്രകടനം കണ്ട് ചിരിയോട് ചിരി തന്നെ.എന്റെ അപ്പന് എന്നെ രൂക്ഷമായി നോക്കി.ഞാന്‍ എന്ത് ചെയ്തു-എന്ന മട്ടില്‍ ഞാനും.
ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണല്‍ ചടങ്ങാണ്.അത്കൊണ്ട് തന്നെ കുറച്ചധികം സ്വപ്നം കണ്ടു പോയി.ഞാനും ചോരേം നീരുമുള്ള ഒരു മനുഷ്യനല്ലേ.അതും മണലാരണ്യത്തില്‍ കടന്ന് ചോര നീരാക്കി കേരളത്തിന്റെ സമ്പത്ത് ഘടനയെ തന്നെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള ഒരു ഗള്ഫ്കാരന്.
അമ്മച്ചി കല്യാണകാര്യം പറഞ്ഞ നാള് മുതലെ മനസ്സില്‍ ഒരു മഴ പെയ്യുന്ന അനുഭൂതിയാണ്.ഗള്‍ഫിനാണെങ്കില്‍ മുടിഞ്ഞ ചൂടാണ്.ഞങ്ങള്‍ പ്രവാസികളെ സംബന്ധിച്ച് മഴ സുന്ദരമായ ഒരു സ്വപ്നമാണ്.കല്യാണവും എനിക്ക് ഏതാണ്ട് അങ്ങനെയൊക്കെ തന്നെ.കല്യാണം കഴിഞ്ഞ് പെമ്പറന്നോത്തിയേയും ഇങ്ങു കൊണ്ടു വരണം.ഇവിടെ തന്നം സെറ്റിലാകണം.പിന്നെ ഇഷ്ടം പോലെ മഴ നനയാല്ലോ..!(പക്ഷെ പനി പിടിച്ച് കിടപ്പിലായ അനുഭവങ്ങള്‍ ഒരുപാട് ചങ്ങായിമാര് പറഞ്ഞിട്ടുണ്ട്.ഞാന്‍ അതൊന്നും ചെവികൊള്ളണില്ല.എന്തായാലും നനയാന്‍ തന്നെ തീരുമാനിച്ചു.അല്ല പിന്നെ..ഒരു ജന്മമല്ലേ ഉള്ളൂ ഇഷ്ടാ..)
‘പെണ്ണിനും ചെറുക്കനും എന്തെങ്കിലും സംസാരിക്കാന്‍ കാണും’ -ഭാവി അമ്മായി അപ്പന് എന്റെ മനസ്സ് വായിക്കാന്‍ അറിയാം.
കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ അയാള്‍ കാണിച്ചു തന്ന മുറിയിലേക്ക് പോയി.
‘ചെക്കന്റെ ഒരു ആക്രാന്തം’ -എന്റെ അപ്പന് മൂക്കത്ത് വിരല്‍ വെച്ചിട്ടുണ്ടാകണം.ഇത് പഴയ കാലമല്ല അപ്പാ.പുതിയ തലമുറ എല്ലാത്തിനും അല്‍പ്പം ഫാസ്റ്റാ..!
ഞാന്‍ ജനലഴിയില്‍ കൈവെച്ചു പുറത്തേക്ക് നോക്കി നിന്നു.അതാണല്ലോ സ്റ്റൈല്‍.പക്ഷെ അവിടെ നിന്ന് നേരെ നോക്കിയപ്പോള്‍ കണ്ടത് ഒരു പശു തൊഴുത്താണ്.കര്‍ത്താവെ എന്ത് നാറ്റമാ ഇത്.ഭാവി വധു പുറകില്‍ വന്ന് ചുമച്ച നേരം വരെ അതെല്ലാം സഹിച്ചു അങ്ങനെ നിന്നു.നമ്മള് ആണുങ്ങള് എന്തൊക്കെ സഹിക്കുന്നു.
അവള് നാണിച്ചു തല താഴ്ത്തി നില്‍ക്കുകയാണ്.കുറച്ച് ഓവറല്ലേ എന്നു തോന്നി.ഭാവി വധു അല്ലേ.അധികം വിചാരിച്ച് ഓവറാക്കണ്ട എന്ന് പിന്നെ കരുതി.
“എന്താ കുട്ടീടെ പേര്?”-(കുട്ടി എന്ന് വിളിച്ച് അഭിസംബോധന ചെയ്യാന്‍ ഒരു അനുഭവസ്ഥന് ചങ്ങായി പറഞ്ഞു തന്നതാണ്.പെണ്ണുങ്ങള്‍ക്കു അതൊക്കെ വല്യ ഇഷ്ടാണത്രേ..ഒലക്ക..!)
“ശ്യാമള”
“നല്ല പേര്”-(പശ്ട്ടായിട്ടുണ്ട് എന്നായിരുന്നു മനസ്സില്‍)
“എന്താ പേര്” -അവള് എന്നോട് ചോദിച്ചു.
ഞാന്‍ ഘനഗാംഭീര്യത്തോടെ പേര് പറഞ്ഞു-
“ടിന്റുമോന് ..!”
“അയ്യേ..!” ചാണകത്തില്‍ ചവിട്ടിയ മുഖഭാവത്തോടെ അവളെന്നെ നോക്കി.പിന്നെ ഒറ്റ ഓട്ടമായിരുന്നു അകത്തേക്ക്.
“നീയെന്താടാ പന്നീ ചെയ്തത്.അല്ലേല്ലും നിനക്കിച്ചിരി ആക്രാന്തം കൂടുതലാ” -അപ്പന് എന്നോട് ചൂടായി.
പത്താംക്ലാസ് കണക്ക് പരീക്ഷയ്ക്ക് ഇരിക്കണതു പോലെയായി ഞാന്‍.ഒന്നും മനസ്സിലാകണില്ല.അതിന് ഞാന്‍ എന്റെ ശ്യാമുനെ ഒന്നും ചെയ്തില്ലല്ലോ.
“അപ്പാ..അപ്പന്റെ മോന് നിരപരാധിയാണ്.അന്തോണിസ് പുണ്യവാളനാണെ സത്യം..trust me അപ്പാ” -ഞാന്‍ അപ്പനോട് പറഞ്ഞു.
അപ്പാഴാണ് പെണ്ണിന്റെ അപ്പന്,എന്റെ അമ്മായി അപ്പന് ആകുമെന്ന് ഞാന്‍ വെറുതെ മോഹിച്ചയാള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നത്.അയാള്‍ അപ്പനെ മാറ്റി നിര്‍ത്തി എന്തൊക്കെയെ സംസാരിച്ചു.
“പത്രോസ് ഞങ്ങളോട് ക്ഷമിക്കണം.എത്ര പറഞ്ഞിട്ടും മോള് കേക്കണില്ല.ഇങ്ങനെ പേരുള്ള ഒരാളെ അവള്‍ക്ക് ഭര്‍ത്താവായി വേണ്ടെന്ന്.കൂട്ടുകാരും നാട്ടുകാരുമൊക്കെ കളിയാക്കുമെന്ന്.ഈ കല്യാണം നടക്കില്ല പത്രോസെ ..”
പാവം ഞാന്‍.എന്റെ ചങ്ക് തകര്‍ന്നു പോയി.ആദ്യ പെണ്ണുകാണല്‍ പേരു കാരണം മുടങ്ങിയ വിഷമത്തിലായിരുന്നു ഞാന്‍.പക്ഷെ പെണ്ണിനെന്താ പേര് ഇഷ്ടപ്പെടാത്തത് എന്ന് മാത്രം മനസ്സിലായില്ല.വീട്ടിലേക്ക് മടങ്ങും വഴി ബ്രോക്കറ് കണാരനാണ് അതിന്റെ കാരണം എന്നോട് പറഞ്ഞത്.
“ഇപ്പോള്‍ കേരളത്തില്‍ മൊത്തം സംസാര വിഷയം ടിന്റുമോനല്ലെ.മൊബൈലു തുറന്നാല്‍ അതിലിരുന്നു ചിരിക്കുകയല്ലേ പഹയന്.എന്തൊക്കെ മണ്ടത്തരങ്ങളാ തട്ടി വിടണത്.ആ പേര് കേള്‍ക്കുമ്പോഴെ ആളുകളിപ്പോള്‍ ചിരിച്ചു തുടങ്ങും.മൊത്തത്തില്‍ വല്ലാത്തൊരു സംഭവം തന്നാ ഈ ടിന്റുമോന്.”
അപ്പോള്‍ എസ്.എം.എസ് ആയും ഇ മെയിലായും ചുറ്റിയടിക്കുന്ന ഒരു സാങ്കല്‍പ്പിക കഥാപാത്രത്തിന്റെ പേര് വന്നതാ ഈ പൊല്ലാപ്പിനെല്ലാം കാരണം.
“അപ്പാ.. നിങ്ങളൊറ്റ ഒരുത്തനാ ഇതിനെല്ലാം കാരണം.എന്തിനാ അപ്പാ നിങ്ങള്‍ എനിക്ക് ഈ വൃത്തികെട്ട പേരിട്ടത്.വേറെ എത്രയോ പേര് ലോകത്തുണ്ടായിരുന്നു..”
ജീവിതത്തിലാദ്യമായി ഞാനെന്റെ പേരിനെ ശപിച്ചു തുടങ്ങി
‘നാശം മുടിഞ്ഞു പോകട്ടെ’
അപ്പന് ഒന്നും മിണ്ടിയില്ല.അപ്പനറിയില്ലാരുന്നല്ലോ ഇന്ന് ഇങ്ങനെയൊക്കെ സംഭക്കുമെന്ന്.
ഒന്നും പറയണ്ട.പിന്നീട് 5 വീട്ടില്‍ കൂടി പെണ്ണുകാണാന്‍ പോയി.ഈ നശിച്ച പേരു കാരണം അതെല്ലാം മുടങ്ങി.എന്റെ ലീവും തീരാറായി.എന്റെ പെങ്ങടെ മോന് വരെ എന്നെ കളിയാക്കാന്‍ തുടങ്ങി.അവന് എല്‍.കെ.ജിയില്‍ പഠിക്കുകയാണ്.മൊത്തത്തില്‍ വീട്ടിലും നാട്ടിലും ഞാന്‍ ഒരു ഹാസ്യ കഥാപാത്രമായി.
ടിന്റുമോനെ സൃഷ്ടിച്ച കിഴങ്ങനെ എന്റെ കൈയിലെങ്ങാനും കിട്ടിയിരുന്നെങ്കില്‍ കൊന്ന് കൊല്ലം തോടിലെറിഞ്ഞേനെ.ഒരു പേരു കാരണം മനുഷ്യന്റെ ഊപ്പാടു വന്നു.ഭാഗ്യത്തിന് ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് ടിന്റുമോന് തരംഗം ഉണ്ടായിട്ടില്ല.അല്ലെങ്കില്‍ അവിടെയും സ്വസ്ഥത കിട്ടില്ലായിരുന്നു.
പേരു മാറ്റിയാലോ എന്നാലോചിച്ചതാ.അപ്പാള്‍ അമ്മച്ചിയുടെ ഒടുക്കത്തെ സെന്റി.ചത്ത് പരലോകം പൂണ്ട ഏതോ ഒര് വല്യപ്പാപ്പന്റെ ഓര്‍മ്മയ്ക്ക് ഇട്ടതാണത്രേ ഈ പേര്..ചേന..
അങ്ങനെ കാത്തിരുന്നു കിട്ടിയ ലീവ് കഴിഞ്ഞ് പെണ്ണും പെടക്കോഴിയുമില്ലാതെ വീണ്ടും മണലാരണ്യത്തിലെ ചൂടിലേക്ക് യാത്ര തിരിച്ചു.മഴ വീണ്ടും ഒരു സ്വപ്നമായി അവശേഷിച്ചു.
അങ്ങനെ മാസങ്ങള്‍ കടന്നു പോയി.
പ്രിയദര്ശന് സിനിമകള്‍പോലെ ട്രാജഡി നിറഞ്ഞതായിരുന്നില്ല ക്ലൈമാക്സ്.എല്ലാത്തിനും അതിന്റേതായ സമയമുണ്ട് അല്ലെങ്കില്‍ ഏത് പട്ടിക്കും ഒരു ദിവസം വരും എന്ന് പറയുന്നത് ചുമ്മാതെയല്ല.അങ്ങനെ എന്റെ ദിവസവും വന്നണഞ്ഞു.ഒരു ദിവസം എന്റെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ഒരു മലേഷ്യന്‍ സുന്ദരി കയറി വന്നു.സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഓണര്‍ ആണെന്ന വിചാരം പോലുമില്ലാതെ ഞാന്‍ ആ സുന്ദരിയെ തന്നെ നോക്കി നിന്നു.
ആ പെണ്‍കൊടി എന്തൊക്കെയോ വാങ്ങി ബില്ല് പേ ചെയ്യാനായി എന്റെ മുന്നിലേക്കു വന്നു.പക്ഷെ അത്രെം സാധനങ്ങള്‍ക്കുള്ള കാശ് സുന്ദരിയുടെ പക്കല്‍ ഉണ്ടായിരുന്നില്ല.കാശില്ലാത്തോണ്ട് കുറച്ച് സാധനങ്ങള്‍ തിരിച്ചു നല്കാന് തുടങ്ങി.പക്ഷെ..
“സാരമില്ല വെച്ചോളൂ..പണം പിന്നെ തന്നാല്‍ മതി.സ്നേഹമല്ലേ വലുത്”-എന്നും പറഞ്ഞ് മുഴുവന്‍ സാധനങ്ങളും ഞാന്‍ സുന്ദരിക്കു കൊടുത്തു.
എന്നെ നോക്കി ചിരിച്ചിട്ട് എന്റെ പേര് ചോദിച്ചു.
കര്‍ത്താവെ ഇവള് ടിന്റുമോനെ പറ്റി കേട്ടിട്ടു കൂടി ഉണ്ടാകല്ലെ എന്നു മനസ്സില്‍ കരുതി ഞാന്‍ പേരു പറഞ്ഞു.
“മോന്..ടിന്റുമോന്..!”
“ടിന്റു..!wow നൈസ് name”
അങ്ങനെ തുടങ്ങിയതാ ഇഷ്ടാ അവളോടുള്ള പരിചയം.ആരെങ്കിലും അറിഞ്ഞോ ഞാന്‍ പിന്നെയും അവളെ കാണുമെന്നും ആ മലേഷ്യകാരിയെ കെട്ടുമെന്നും.ഭാഗ്യത്തിന് മലേഷ്യയിലൊന്നും ടിന്റുമോന് ഫലിതങ്ങള്‍ പിറവിയെടുത്തട്ടില്ല.എന്തായാലും ഞാനും എന്റെ മലേഷ്യന്‍ ചന്ദ്രികയും സുഖമായി സന്തോഷമായി ജീവിക്കുന്നു
by the way പറയാന്‍ മറന്നു.ഇന്ന് ഞങ്ങളുടെ മോളുടെ ഒന്നാം പിറന്നാളാണ്.മോളുടെ പേര് എന്താണെന്ന് കേള്‍ക്കണ്ടേ..?
“ഡുണ്ടുമോള്‍..!”
പുള്ളിക്കാരത്തിക്ക് ഒരേയൊരു വാശി ഈ പേരുതന്നെ മതിയെന്ന്.
ചിരിക്കണ്ട.എന്റെ മോളെ ഞാന്‍ കേരളത്തിലോട്ട് വിടണില്ല.അവളും കണ്ട് പിടിച്ചോളും ഒരു മലേഷ്യക്കാരനെയോ..ചൈനക്കാരനെയോ..ഡിങ്ക ഡിങ്ക..ടിന്റുമോനോടാ കളി..!
Maratt.L.T
www.mattettan.blogspot.com/

VIDYUT-2011 Registration is open.
Please visit