Amrita Vishwa Vidyapeetham, Amritapuri Campus
Posts tagged maratt
ശുഭയാത്ര
Jul 27th
അന്ന് ഞാന്‍ പാലക്കാട്ടേക്കുള്ള ഒര് യാത്രയിലായിരുന്നു.ആവേശത്തിലായിരുന്നു എന്റെ മനസ്സ്.യുവകേരളം മാസിക നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഞാനെഴുതിയ ചെറുകഥയായിരുന്നു.അവാര്‍ഡ് ദാനം പാലക്കാട് ഠൗണ്‍ഹാളില്‍ വെച്ചാണ്.ജീവിതത്തില്‍ ആദ്യമായി എന്റെ രചനയ്ക്ക് കിട്ടുന്ന അംഗീകാരം,അതെനിക്ക് ഒരുപാട് സന്തോഷം തന്നിരുന്നു.
കൊല്ലത്തുനിന്ന് ട്രെയിനില്‍ എറണാകുളം എത്തി,ഇപ്പോള്‍ അവിടുന്ന് ബസ്സില്‍ പാലക്കാട്ടേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്.പാലക്കാടിന്റെ ഭംഗി എന്നെ വിസ്മയിപ്പിക്കുകയായിരുന്നു.പുഴചാലുകളും പുല്‍ക്കൂട്ടങ്ങളും വഴിയില്‍ കണ്ണിനു വിരുന്നൊരുക്കി നിന്നു.വീശുന്ന കാറ്റില്‍ പോലും ഗ്രാമത്തിന്റെ സൗന്ദര്യം ആവാഹിച്ചിരുന്നു.പാലക്കാടന്‍ ഗ്രാമം സുന്ദരിയായ യുവതിയായി ഞാന്‍ പോകുന്ന വഴിയില്ലെല്ലാം കൂടെ വന്നു.
ഒരു നിമിഷം,ഞാന്‍ എന്റെ നാടിനെ ഓര്‍ത്തു.കൊല്ലം,നഗരത്തിന്റെ അഹങ്കാരമാണ് ആ നാടിന്.അധികാരവും ഭരണവും സെക്രട്ടേറിയേറ്റും അടുത്തുകിടപ്പുണ്ടല്ലോ.ക്ഷയിച്ചു നിലം പരിശായ തറവാട്ടിലെ ചോരതുപ്പി ചാകാറായ കാര്‍ന്നോരുടെ തലക്കനം ഞാന്‍ ഉള്‍പ്പെടുന്ന തെക്കന്‍ വര്‍ഗത്തിനുണ്ട്.ചുമ്മാതല്ല ചിലര്‍ പറയുന്നത്,മൂര്‍ഖനേയും തെക്കനേയും ഒരുമിച്ചു കണ്ടാല്‍ ആദ്യം തെക്കനെ കൊല്ലുമെന്ന്.തല്ലികൊല്ലേണ്ടുന്ന കൈയിലിരിപ്പു തന്നെയാണ് ചിലപ്പോള്‍ ..ഈ എനിക്കും.
വഴിയില്‍ കണ്ട ഒരു കാഴ്ച മനസ്സിനെ ആകര്‍ഷിച്ചു.പ്രൈവറ്റ് ബസ്സില്‍ കയറാന്‍ സ്കുള് കുട്ടികള്‍ അച്ചടക്കത്തോടെ വരിവരിയായി നില്ക്കുന്നു.കൊല്ലത്ത് ആകെ ഇങ്ങനെയൊരു വരി കാണാന്‍ പറ്റുന്നത് ബീവറേജസിനു മുന്നില്‍ മാത്രമാണ്.മറ്റൊന്നു കൂടി ശ്രദ്ധിച്ചു.പിന്‍വശത്ത് കൂടി മാത്രമാണ് യാത്രക്കാര്‍ കയറുന്നത്.ബസ്സില്‍ നിന്ന്് ആള്ക്കാര് ഇറങ്ങുന്നത് പിന് വശത്തെ ഡോറില്‍ കൂടിയും.ഇവിടെയാണെങ്കില്‍ വിരുതന്മാര് പറ്റിയാല്‍ ജനാലവഴിവരെ അകത്തുകയറും.മറ്റു ചിലരാണെങ്കില്‍ മുന്‍ വശത്തെ വാതിലില്‍ കൂടിയെ കയറൂ.സ്ത്രീ തിരക്കുണ്ടെങ്കില് ഓസിന് ഒരു സ്പര്‍ശനവും ആകാമല്ലോ.കിളികളും കണ്ടക്ടര്‍മാരും സ്പര്‍ശനകാര്യത്തില്‍ തീരെ മോശക്കാരല്ല.
ഞാന്‍ ആലോചനകള്‍ക്കു വിലങ്ങിട്ടുകൊണ്ട് എന്റെ ജോലിയിലേക്ക് കടന്നു.എന്തിനും സാക്ഷിയാകാന്‍ മാര്ട്ടിന് കൂപ്പര്‍ ഒര് കിന്ത്രാണ്ടം കണ്ടുപിടിച്ചിരുന്നല്ലോ,മൊബൈല്‍ ഫോണ്‍.മൊബൈലില്‍ പകര്‍ത്തിയ പ്രകൃതി ദൃശ്യങ്ങള്‍ 3 ജി സാങ്കേതിക വിദ്യയുടെ മേലാപ്പോടെ സുകെര്‍ബര്‍ഗ് ആവിഷ്കരിച്ച സൗഹൃദവലയായ ഫെയ്സ്ബുക്കില്‍ അപലോഡ് ചെയ്യുക എന്ന കലാപരിപാടിയിലേക്ക് ഞാന്‍ കടന്നു. ഇത് ഈ അടുത്ത കാലത്ത് തുടങ്ങിയ ശീലമാണ്,ഫോട്ടോ പകര്‍ത്തലും അപലാഡലും.
ഗ്രാമമായിരിന്നിട്ടും നെറ്റ് പൊളപ്പന്‍ സ്പീഡിലായിരുന്നു.മൊബൈലെടുത്ത് കുത്തികൊണ്ടിരിക്കുമ്പോള്‍ അടുത്തിരുന്ന അമ്മാവന് എന്നെ ഒന്നു നോക്കി.’പച്ചപരിഷ്കാരി’ എന്നമ്മാവന് മനസ്സില്‍ പറഞ്ഞുകാണും എന്ന് ഊഹിച്ചു.ആ..പോട്ടെ..ഫെയ്സ്ബുക്ക് തറവാട് തുറന്നപ്പോള്‍ കുറെയണ്ണം ചാടിപ്പിടച്ചെത്തി.ഇവറ്റകള്‍ക്കൊന്നും പല്ലുതേപ്പും കുളീം ഒന്നുമില്ലെ.കാലത്തെ മുതല്‍ ഇതിന്റെ മുന്നിലാണല്ലോ..നോട്ടിഫിക്കേഷന്‍സ് കുറെയുണ്ട്.പതിവില്ലാതെ ഡിഗ്രിക്ക് കൂടെ പഠിച്ചിരുന്ന് കൂട്ടുകാരന് ഒര് ഫോട്ടോ ടാഗ് ചെയ്തേക്കുന്നു.അതെന്താ..സംഗതി എന്താണെന്ന് അറിയണമല്ലോ.ഞാന്‍ ഫോട്ടോ ഓപ്പണ്‍ ചെയ്തു.
അതൊരു സ്ത്രീയുടെ ഫോട്ടൊയായിരുന്നു.ഒറ്റനോട്ടത്തില്‍ എനിക്കത് ആരാണെന്ന് മനസ്സിലായില്ല.അവന് ഫോട്ടൊയ്ക്ക് നല്കിയ അടിക്കുറിപ്പ് ഞാന്‍ നോക്കി.’ഡിയര്‍ അഞ്ജു മിസ്,വി മിസ് യു’-അത് വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ ഓര്‍മ്മയിലേക്ക് ആ മുഖത്തിന്റെ ഉടമ കടന്നു വന്നു.അഞ്ജു മിസ്,ഞാന്‍ ഡിഗ്രിക്ക് പഠിച്ച കോളേജിലെ ലക്ചററായിരുന്നു.എന്നെ പഠിപ്പിച്ചിട്ടില്ല.പക്ഷെ എനിക്ക് മിസിനെ നന്നായി അറിയാം.അന്നു പഠിച്ച എല്ലാ കൂട്ടുകാരുടെയും ഓര്‍മയില്‍ അഞ്ജുമിസുണ്ടാകും.മറ്റൊന്നുമല്ല.മിസ്സിന്റെ ശരീര പ്രകൃതം.നല്ല കനമാണ്.വലിയ ശരീരം.എന്നും രാവിലെ ഒരു മാരുതിയാലാണ് വരുന്നത്.കാറില്‍ നിന്ന് ഇറങ്ങുന്നതും കോറിഡോറിലുടെ നടന്നുപോകുന്നതും,അതൊക്കെകണ്ട് ദൂരെ നില്ക്കുന്ന ഞങ്ങള്‍ ചില്ലറ കമന്റ് ഒക്കെ ഇറക്കിയിരുന്നു.
കോളേജില്‍ സമരം വന്ന ഒരു ദിവസം.എന്തോ പീക്കിരി പ്രശ്നമാണ്.ഒര് കാര്യവുമില്ലാത്ത ഒരു സമരം വിളി.കുട്ടിനേതാക്കളെല്ലാം മുന്‍പന്തിയിലുണ്ട്.ക്ലാസ് നടക്കാതിരിക്കാന്‍ പാര്‍ട്ടി ഭേതമില്ലാതെ ഞങ്ങളും കുടി സമരം വിളിക്കാന്‍.ഞങ്ങള്‍ക്കിടയിലേക്ക് മിസ് പെട്ടെന്ന് കടന്നു വന്നു.എന്തായാലും ക്ലാസ് നടക്കുമെന്നും അവശ്യമില്ലാതെ സമരം വിളിക്കേണ്ടുന്ന കാര്യമില്ലെന്നും എല്ലാവരും ക്ലാസില്‍ പോകാനും പറഞ്ഞു.അപ്പോള്‍ തന്നെ മിസ് പഠിപ്പിച്ചിരുന്ന കുട്ടികളെല്ലാം ക്ലാസില്‍ കയറി.കോളേജിലെ വേറെ ആരു വന്നു പറഞ്ഞാലും സമരക്കൂട്ടം പിരിഞ്ഞുപോകില്ലായിരുന്നു.ആ നിമിഷം എനിക്ക് മിസിനോട് ബഹുമാനം തോന്നി.അവരെല്ലാം അഞ്ജുമിസിനെ അനുസരിക്കണമെങ്കില് മിസ് അവരെ അത്രയ്ക്ക് സ്നേഹിക്കുന്നുണ്ടായിരിക്കും..
മിസ്സിന് എന്താണ് പറ്റിയത്.ഫോട്ടോയ്ക്ക് കൂട്ടുക്കാരൊക്കെ ഇടുന്ന കമന്റുകള്‍ കണ്ട് എന്തോ പന്തികേട് തോന്നി.മിസിന് ഒന്നും പറ്റിക്കാണരുതെ എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചു.ഫെസ്ബുക്കില്‍ പെട്ടെന്നിറങ്ങി.
ഫോണില്‍ കീര്‍ത്തനയുടെ ഒരു മെസേജ് കിടക്കുന്നു.’ടാ നമ്മുടെ അഞ്ജു മിസ് മരിച്ചു’-കേള്‍ക്കാന്‍ ഒരിക്കലും ഇടവരുത്തരുതേ എന്നാഗ്രഹിച്ച വാര്‍ത്ത.ഞാന്‍ പുറത്തേക്ക് നോക്കി.മരങ്ങള്‍ക്കും പുഴയ്ക്കും കാറ്റിനും ചലനമറ്റതായി എനിക്കു തോന്നി.പതുക്കെ പതുക്കെ കാഴ്ച മങ്ങി തുടങ്ങി ..കണ്ണ് നിറയുന്നുണ്ടായിരുന്നു..
ഞാന്‍ കീര്‍ത്തനയെ വിളിച്ചു.അവളെ മിസ് പഠിപ്പിച്ചുട്ടുണ്ട്.വാക്കുകള്‍ കണ്ടെത്തിയാണ് അവളെല്ലാം പറഞ്ഞു നിര്‍ത്തിയത്.എനിക്കറിയാം അവര്‍ക്കെല്ലാം മിസ്,അമ്മയുടെ വലിപ്പമായിരുന്നു.
അഞ്ജുമിസ് കുറേ നാളായി ചെന്നൈയില്‍ ഒരാശുപത്രിയില്‍ ചികിത്സയിലായിരുന്നു.അര്‍ബുദം ഒരറ്റത്തുനിന്ന് കാര്‍ന്ന് തിന്നുമ്പോഴും മിസ് കുട്ടികളെ ചേര്‍ത്തു പിടിച്ചു.അവരോട് വര്‍ത്തമാനം പറഞ്ഞു.വിശേഷങ്ങള്‍ പങ്കുവെച്ചു.ചിരിച്ചു.ഇപ്പോഴും എവിടെയോ അവര്‍ക്കു വേണ്ടി കലഹിച്ചുകൊണ്ടിരിക്കുന്നു..
അവാര്‍ഡിന്റെ ആവേശത്തിലായിരുന്ന മനസ്സ് സങ്കടങ്ങള്‍ നിറഞ്ഞ ഒരു കടലായി എത്ര പെട്ടെന്നാണ് മാറിയത്.എല്ലാ യാത്രകളും അങ്ങനെ തന്നെയല്ലേ.കാറും കോളും നിറഞ്ഞിരിക്കും.അവസാനം ഒരു മഴ വരും.ചിലപ്പോള്‍ ആ മഴ സന്തോഷത്തിന്റെ കൂട്ടുകാരിയായിരിക്കും.മറ്റ് ചിലപ്പോള്‍ അത് കണ്ണുന്നീരിന്റെ സഹയാത്രികനായിരിക്കും ..
ശുഭയാത്ര നേരുന്നു ..
സമര്‍പ്പണം – ഞങ്ങളുടെ മഞ്ജു മിസിന് ..
ആ ആത്മാവിന് നിത്യശാന്തി നേരുന്നു.
Nov 17th
അമ്മിണി
Oct 27th
ഇപ്പോഴും മഴപെയ്യുമ്പോള്‍ ഞാന്‍ അവളെ കുറിച്ച് ഓര്‍ക്കുമായിരുന്നു.ഒരുപാട് ഋതുക്കള്‍ പിന്നോക്കം പോയി വള്ളി ടൗസറുമിട്ട് സദാനേരവും വികൃതികുട്ടനായിരിക്കുന്ന നാലാക്ലാസുകാരനാകും ഞാന്‍ അപ്പോള്‍.പൊട്ടിയ ഓടിന്റെ വിടവിലൂടെ വരുന്ന പ്രകാശം കൈവെള്ളയില്‍ പതിപ്പിച്ച് സന്തോഷിക്കുമ്പോള്‍ തൊട്ടടുത്ത ബെഞ്ചില്‍ അത് കണ്ട് രസിച്ചിരുന്ന ഒരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു-അമ്മിണി.അമ്മിണി മിടുക്കിയായിരുന്നു.നന്നായി പഠിക്കും.ടീച്ചര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം പറയും.പരീക്ഷകള്‍ക്കും അവള്‍ക്ക് നല്ല മാര്‍ക്കുണ്ടായിരുന്നു.
എന്റെ അപ്പുറത്തെ ബെഞ്ചില്‍ ഇരുന്നതുകൊണ്ടാകണം ഞാന്‍ അമ്മിണിയെ ശ്രദ്ധിച്ചു തുടങ്ങിയത്.അവള്‍ക്ക് കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല.അമ്മിണി ആരോടും അധികം സംസാരിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല.ചിരി വിരിയാത്ത ആ കുഞ്ഞ് മുഖത്ത് എപ്പോഴും വിഷാദ മേഘങ്ങള്‍ മൂടിയിരിക്കുന്നതായി ഞാന്‍ കണ്ടു.പക്ഷെ അപ്പോഴൊന്നും അവളോട് മിണ്ടാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല.
ഉച്ചയ്ക്ക് ഞങ്ങള്‍ ചോറു കഴിക്കുന്ന സമയത്ത് അമ്മിണി ക്ലാസില്‍ നിന്നും അപ്രതിക്ഷയാകുമായിരുന്നു.പക്ഷെ ചോറുണ്ടിട്ട് കൈകഴുകി വരുമ്പോള്‍ ക്ലാസിന്റെ ജനാലയ്ക്കരികില്‍ പുറത്തേക്ക് നോക്കി അമ്മിണി നില്‍ക്കുന്നത് ഞാന്‍ കണ്ടു.ഞങ്ങള്‍ ചോറുണ്ണുമ്പോള്‍ അമ്മിണി എവിടെ പോകുന്നു എന്നറിയാന്‍ ഞാന്‍ ഒരു ദിവസം തീരുമാനിച്ചു.ഉച്ചയ്ക്ക് ചോറുണ്ണാന്‍ വിട്ട നേരം ക്ലാസിനു പുറത്തേക്കിറങ്ങിയ അമ്മിണിയുടെ പിന്നാലെ അവളറിയാതെ ഞാനും കൂടി.അവള് സ്കൂള്‍ മൈതാനത്തിന്റെ ഒരു ഒഴിഞ്ഞകോണിലേക്കാണ് നടന്നത്.അവിടെ ഒരു അരളി മരം ഉണ്ടായിരുന്നു.അതിനു ചുവട്ടില്‍,പുല്‍ത്തകിടിയില്‍ അവള് ഇരുന്നു.അമ്മിണി തറയില്‍ കിടന്നിരുന്ന അരളിപൂക്കള് ശേഖരിക്കുന്നത് ഞാന്‍ കണ്ടു.ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു.
“അമ്മിണി എന്താണ് ഇവിടെ വന്നിരിക്കുന്നത്.?”-ഞാന്‍ ചോദിച്ചു.
അപ്പോഴാണ് അവള് എന്നെ കണ്ടത്.പക്ഷെ എന്നോട് ഒന്നും മിണ്ടിയില്ല.
“അമ്മിണി എന്നോട് മിണ്ടില്ലേ..?ഉച്ചയ്ക്ക് എന്താണ് ചോറു കഴിക്കാത്തത്.?”
ഞാന്‍ പിന്നെയും ചോദിച്ചു.പിന്നെയും അവള് മൗനം പാലിച്ചു.
“ഈ പൂക്കള്‍ ആര്‍ക്കാണ്.?”
“എനിക്ക് വിശപ്പില്ല” -എന്ന് മറുപടി നല്‍കികൊണ്ട് അമ്മിണി അവിടെ നിന്നും എണ്ണീറ്റുപോയി.
അന്നേ ദിവസം എനിക്ക് അമ്മയുടെ കൈയില്‍ നിന്ന് തല്ലു കിട്ടി,ഉച്ചയ്ക്ക് കൊണ്ടുപോയ ചോറു തിന്നാത്തതിന്.ചോറിനു പിന്നിലെ കഷ്ടപ്പാടുകളെകുറിച്ച് അമ്മ എന്റെ മുന്നില്‍ ഒരു ചെറു പ്രസംഗവും നടത്തി.
അടുത്ത ദിവസം അരുളിചെടിയുടെ ചുവട്ടിലിരുന്ന അമ്മിണിയെ ചോറുണ്ണാന്‍ ഞാന്‍ ക്ഷണിച്ചു.അവള് ഒന്നും മിണ്ടാതെ എണ്ണീറ്റുപോയി.പക്ഷെ കുറേ ദിവസം ഞാനിത് ആവര്‍ത്തിച്ചപ്പോള്‍,എന്റെ ശല്യം സഹിക്കവയ്യാതായപ്പോള്‍,എന്നെ ഒഴിവാക്കാന്‍ പറ്റത്തില്ല എന്നു മനസ്സിലായപ്പോള്‍ അവള് എന്നോട് സംസാരിച്ചു തുടങ്ങി.അന്നു മുതല്‍ ഞാന്‍ കൊണ്ടു വരുന്ന പൊതി ചോറിന് ഒരവകാശി കൂടിയായി.
കഷ്ടമായിരുന്നു അമ്മിണിയുടെ കഥ.എന്റെ കുഞ്ഞുമനസ്സിനെ അത് വല്ലാതെ വേദനിപ്പിച്ചിരുന്നു.അച്ഛനില്ലായിരുന്നു അമ്മിണിക്ക്.അമ്മയ്ക്ക് ചെറിയ പണി എന്തോ ഉണ്ട്.പക്ഷെ അതില്‍ നിന്നുള്ള വരുമാനം അവരുടെ ഒരു നേരത്തിനുള്ള ആഹാരത്തിനുപോലും തികയുമായിരുന്നില്ല.അമ്മിണി അരളിപൂക്കള് ശേഖരിച്ചിരുന്നത് അവളുടെ അനുജത്തിക്ക് വേണ്ടിയായിരുന്നു.വയ്യാതെ കിടക്കുന്ന അവളുടെ കുഞ്ഞനുജത്തിക്ക്..
എനിക്ക് അമ്മിണിയോട് ഒരുപാട് ഇഷ്ടം തോന്നി.ഞങ്ങള്‍ നല്ല കൂട്ടുകാരായി.അവളെപോലൊരു കൂട്ടുകാരിയെ കിട്ടിയതില്‍ ഞാന്‍ അഭിമാനിച്ചു.അമ്മിണിയും സന്തോഷത്തിലായിരുന്നു.എന്റെ വീട്ടില്‍ നല്ല സ്ഥിതി ആയിരുന്നതുകൊണ്ട് എനിക്ക് ആവശ്യത്തിലേറെ പഠനസൗകര്യങ്ങള്‍ ഉണ്ടായിരുന്നു.അതിലൊരു പങ്ക് ഞാന്‍ അമ്മിണിക്ക് കൊടുത്തു.കളര്‍ പെന്‍സില്‍,ലൈറ്റ് കത്തുന്ന പേന,നീണ്ട ചുവപ്പ് വരകളുള്ള പെന്‍സില്‍-അവയില്‍ പെടും.സ്കൂളില്ലാതിരുന്ന ശനി,ഞായര്‍ ദിവസങ്ങളില്‍ അവളെ കാണാന്‍ പറ്റാത്തപ്പോള്‍ ഞാന്‍ ഒരുപാട് വിഷമിച്ചു.അമ്മിണി ആ ദിവസങ്ങളില്‍ എങ്ങനെ ചോറു കഴിക്കും എന്നായിരുന്നു എന്റെ ചിന്ത മുഴുവന്‍.
ആയിടയ്ക്കാണ് ശക്തമായി മഴ പെയ്യാന്‍ തുടങ്ങിയത്..കേരളത്തില്‍ തന്നെ ഏറ്റവും ശക്തിയായി മഴപെയ്യുന്ന നാടായിരുന്നു ഞങ്ങളുടേത്.ഒരാഴ്ച വരെ നീണ്ടു നില്ക്കുന്ന ഭീകരരൂപിയായ മഴ.മഴ കാരണം സ്കൂള്‍ പൂട്ടി.വീടിനു പുറത്തുപോലും ഇറങ്ങാന്‍ പറ്റാതായി.പാടത്തും തൊടിയിലുമെല്ലാം വെള്ളം കയറി.പറമ്പിലെ മരങ്ങളില്‍ പലതും തറ പൂണ്ടു.വീട്ടിലെ തൊഴുത്തിന്റെ പകുതിയിലേറെയും ഇടിഞ്ഞു വീണു.അങ്ങനെ നഷ്ടങ്ങള്‍ മാത്രം സമ്മാനിച്ച സംഹാരിയായ മഴ പതിയെ പിന്‍വലിയാന്‍ തുടങ്ങി.
ഒരാഴ്ച കഴിഞ്ഞ്,ആകാശത്ത് സൂര്യനെ കണ്ടനാള്‍,സ്കൂള്‍ വീണ്ടും തുറന്നു.ഞാന്‍ വളരെ സന്തോഷത്തോടെ സ്കൂളിലേക്ക് പോയി.മഴ വിശേഷങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നു മനസ്സില്‍.എല്ലാം അമ്മിണിയോട് പറയണം.പക്ഷെ സ്കൂളില്‍ ചെന്നപ്പോള്‍ വരിവരിയായി പുറത്തേക്ക് നടക്കുന്ന കുട്ടികളെയാണ് കണ്ടത്.എല്ലാവരും ഉടുപ്പിന്റെ പോക്കറ്റില്‍ കറുത്ത തുണി കുത്തിയിരുന്നു.എനിക്ക് ഒന്നും മനസ്സിലായില്ല.വരിയില്‍ കേറി കൊള്ളാന്‍ ക്ലാസ് ടീച്ചര്‍ എന്നോട് പറഞ്ഞു.ടീച്ചര്‍ തന്ന കറുത്ത തുണികഷ്ണം ഞാന്‍ നെഞ്ചില്‍ കുത്തി.
കവലയും കടന്ന് ഞങ്ങള്‍ നടന്നു തുടങ്ങി.എവിടേക്കാണ് യാത്ര എന്നെനിക്ക് മനസ്സിലായില്ല.പറമ്പും വയലും കടന്ന് ദൂരെ ഒരു ചെറിയ വീടിനു മുന്നില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു.അവിടെ ഒരുപാട് പേര് നില്‍ക്കുന്നത് ഞാന്‍ കണ്ടു.ഞങ്ങളെ ഓരോരുത്തരെയായി ടീച്ചര്‍ വീടിനകത്തേക്ക് കയറ്റാന്‍ തുടങ്ങി.വാതില്‍ പടി കടന്ന് അകത്തേക്ക് കയറിയ ഞാന്‍ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയത് വളരെ പെട്ടെന്നായിരുന്നു.അകത്ത് തറയില്‍ വെള്ളപുതച്ച് കിടത്തിയിരുന്ന അമ്മിണിയെ ഞാന്‍ അവസാനമായി കണ്ടത് അന്നായിരുന്നു.
മഴയോടൊപ്പം അമ്മിണി പോയി.മഴകൊണ്ടുപോടതാണ് എന്റെ അമ്മിണിയെ.ഒരാഴ്ച പനിച്ചു കിടന്ന്,ആരും സഹായത്തിനില്ലാതെ പാവം മരണത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു.അന്നു മുതലാണ് ഞാന്‍ മഴയേയും മരണത്തേയും ഇത്രയധികെ വെറുക്കാന്‍ ശീലിച്ചത്.
ഇന്ന് ഈ മഴ തോരാന്‍ തുടങ്ങുമ്പോള്‍,ഞാന്‍ ദൂരെ അവളുടെ ചിരി കേള്‍ക്കുന്നു,വര്‍ത്തമാനങ്ങള്‍ കേള്‍ക്കുന്നു..അവള് കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു..
അമ്മിണി..നീ എനിക്ക് പ്രിയപ്പെട്ടവള്‍ ആയിരുന്നു..
Maratt.L.T
ഇന്ദുലേഖ ടീച്ചറിന്റെ മുടിയും ചിലപ്രശ്നങ്ങളും
Oct 20th
വള്ളിചെടികളാല് പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന കൊടിമരവും മുദ്രാവാക്യങ്ങള്‍ ചുമപ്പിച്ച കല്മതിലും നിഗൂഡതകള്‍ തളംകെട്ടിനില്ക്കുന്ന ഭീകരനായ ലൈബ്രറിയും കടിച്ചാല്‍ പൊട്ടാത്ത ബോണ്ടയും ഉണ്ടംപൊരിയും ചിരിക്കുന്ന കാന്റീനും പ്രണയം തളിര്‍ക്കുന്ന മരത്തണലും ഇടനാഴിയും കഴിഞ്ഞ സമരക്കാലത്ത് വികലാംഗയായ ജനല്പാളിയും ഒരിക്കലും നന്നാകില്ലെന്നറിഞ്ഞിട്ടും പോത്തിനോട് വേദമോതുന്നതുപോലെ ഉപദേശങ്ങളുടെ കെട്ടഴിക്കുന്ന ഗ്രേസിക്കുട്ടി ടീച്ചറും ചിന്തകള്‍ വിരിയുന്ന സ്മോക്കേഴ്സ് കോര്‍ണറും എന്റെ ചെരിപ്പുകള്‍ക്ക് തേയ്മാനം സംഭവിച്ചിട്ടും അനുകൂലമായ ഒരു മറുപടി ഇന്നേവരെ തന്നിട്ടില്ലാത്ത,എന്നേക്കാള്‍ ഒരോണം കുറച്ചുമാത്രം ഉണ്ടിട്ടുള്ള നന്ദനാകുര്യനും നടമാടുന്ന സ്ഥിരം ഫോര്‍മുലകളുടെ ലോകത്തുനിന്ന് മനസ്സ് ചൂടേറിയ ധ്രുവത്തിലേക്ക് കടന്നു.
ഇപ്പോള്‍ ഇന്ദുലേഖ ടീച്ചറിന്റെ ഫിസിക്സ് ക്ലാസ് ബാല്‍ക്കണി ഒഴിഞ്ഞ് ഓടിക്കൊണ്ടിരിക്കുകയാണ്.അതൊരു പുതിയപ്രവണതയല്ലലോ.പണ്ടുമുതല്ക്കേ ബുദ്ധിജീവി ചിത്രങ്ങള്‍ അഥവാ അവാര്‍ഡ് പടങ്ങള്‍ കാണാന്‍ ആളുകയറാറില്ലല്ലോ.ഞാന്‍ പിന്നെ ടിക്കറ്റെടുത്ത് മുന്‍സീറ്റിലിരുന്ന് ഉറങ്ങി വീഴുന്നത് വേറൊന്നും കൊണ്ടല്ല കേട്ടോ.രാവിലെ വീട്ടിന്നിറങ്ങിയപ്രോള് അമ്മ ഓര്‍മ്മിപ്പിച്ചിരുന്നു.
‘അച്ഛന് ചിലപ്പോള്‍ ആ വഴി വരും.’
സംഗതി അതാണ്.അച്ഛന് വന്നാലോ.ഞാന്‍ നല്ല കുട്ടിയല്ലേ.
പക്ഷെ,ഇപ്പോള്‍ എന്നെ അലട്ടുന്ന പ്രശ്നം അതല്ല. അറുപതിനോടടുത്ത അതോ അറുപതു കഴിഞ്ഞോ,അറിയില്ല.ഇന്ദുലേഖ ടീച്ചറിന്റെ ഇനിയും നരച്ചിട്ടില്ലാത്ത മുടിയാണ്.ഒരൊന്നൊന്നര മുടി തന്നെ.ഇത് എങ്ങനെ സംഭവിക്കുന്നു.നാല്പ്പത്തെട്ടു വയസ്സുള്ള എന്റെ അമ്മയുടെ തലയിലെ പകുതിയിലേറെ മുടി നരച്ചിരിക്കുന്നു.ചിലപ്പോള്‍ ടീച്ചറ് വെയിലൊന്നും കൊള്ളാതെ അകത്തുനിന്ന് പഠിപ്പിക്കുന്നതു കൊണ്ടാകും.വീടിനു വെളിയിലും ഇറങ്ങില്ലായിരിക്കും.അതല്ലങ്കില്‍ എന്തെങ്കിലും എണ്ണയോ മറ്റോ..എന്തായാലും അമ്മയോട് ടീച്ചറിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ പറയണം.അമ്മയ്ക്ക് ഈ കാര്യത്തിലൊക്കെ വല്യ താല്പര്യമാണ്.എന്തിന് അമ്മ വരെ പോകണം.എന്റെയൊരു പെങ്ങളുണ്ടല്ലോ.കണ്ണാടിക്ക് മുന്നില്‍ നിന്നാല്‍ അവള്‍ക്ക് ചോറും വേണ്ട നീരും വേണ്ട.നാലു പെമ്പിള്ളാരെ കാണാന്‍ ഇറങ്ങണ സമയത്ത് ഈ പാവത്തിന് സ്വന്തം സൌന്ദര്യം കാണാന്‍ പോലും ചിലപ്പോള്‍ കഴിയാറില്ല.അതൊരു കഥ.
ഞാനെന്ത് മണ്ടനാണെന്നു നോക്കണേ.സത്യം അതൊന്നുമല്ല.ടീച്ചറ് എന്നെപ്പോലുള്ള വിഡ്ഢികളെ പറ്റിക്കാന്‍ മുടിയും കറുപ്പിച്ച് ഇറങ്ങിയിരിക്കുകയാണ്.മുടി ഭംഗിയായി ഡൈ ചെയ്തിരിക്കുന്നു.അമ്പടാ..അറുപത്കാരിയുടെ യൌവന രഹസ്യം ഇപ്പോഴല്ലേ പിടിക്കിട്ടിയത്.
ഇത് ടീച്ചറിന്റെ മാത്രം കാര്യമല്ല.ആര്‍ക്കും വയസ്സായി നടക്കാന്‍ വയ്യ.അപ്പൂപ്പനും അമ്മൂമ്മയ്ക്കും കിളവനും കിളവിയും ആകാന്‍ വയ്യ.മകന്റെ യൌവനം കടം വാങ്ങിയ രാജാവിന്റെ കഥ എവിടെയോ വായിച്ചിട്ടുണ്ട്.എന്തായിരിക്കും പ്രായം ചെന്നവര്‍ക്ക് യൌവനത്തോടിത്ര പ്രിയം.അതോ യൌവനവും വാര്‍ദ്ധക്യവും തമ്മില്‍ എന്തെങ്കിലും ശത്രുത കാണുമോ.കാണുമായിരിക്കും..
ഒരുത്തരത്തില് പറഞ്ഞാല്‍ വാര്‍ദ്ധക്യം ദുരിതമാണ്.കല്യാണം കഴിഞ്ഞ മക്കളുള്ള മാതാപിതാകന്മാരുടെ കാര്യമാണ് അതിലെറെ കഷ്ടം.ചൊവ്വയില്‍ താമസമുറപ്പിക്കാന്‍ ഓടിക്കിതയ്ക്കുന്ന മക്കള്‍ക്ക് അവരെ നോക്കാന്‍ സമയമില്ലത്രേ.അങ്ങനെ കഥാന്ത്യത്തില്‍ ജന്മം നല്കിയവര് ഭാരമാകുമ്പോള്‍ വൃദ്ധമന്ദിരങ്ങളുടെ മള്‍ട്ടി കളറ് പരസ്യങ്ങള്‍ക്ക് പിന്നാലെ മക്കള്‍ കൂട്ടം പായുകയും വൃദ്ധമന്ദിരങ്ങളുടെ ഇരുളടഞ്ഞകോണില് പാവം വൃദ്ധജനങ്ങള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓരാമ്മകള് താലോലിക്കുകയും ചെയ്യുന്നു.
ഞാന്‍ ഇങ്ങനെ കാടുകയറി എവിടേക്കാണ് പോകുന്നത്.എന്റെ വീട്ടില്‍ തന്നെയുണ്ടല്ലോ ചില ഉത്തരങ്ങള്‍.
“ആരാണ് പൈപ്പിങ്ങനെ തുറന്നിട്ടിരിക്കുന്നത്.?” “ഇങ്ങനെയാണോ ചോറു പൊതിയുന്നത്?” “ടി.വി ക്ക് മുന്നിലിരുന്ന് ഉറങ്ങാതെ അകത്തെങ്ങാനും പോയിക്കിടക്കരുതോ?” ഇത്യാതി ചോദ്യങ്ങള്‍ ഞാന്‍ അമ്മൂമ്മയ്ക്ക് നേരെ ദിവസേനെ പ്രയോഗിക്കുന്നതാണ്.പക്ഷെ പത്തെണ്‍പതു കഴിഞ്ഞ അമ്മൂമ്മയെ കുറ്റം പറയാതെ അമ്മൂമ്മയുടെ പക്ഷത്തുനിന്ന് ചിന്തിക്കുമ്പോള്‍ എനിക്കും ഉത്തരം മുട്ടിപോകുന്നു.
വയസ്സ് ഒരുപാടായില്ലേ.ഓര്‍മ്മക്കുറവ് ഉണ്ടാകും.പൈപ്പ് അടക്കാന്‍ മറന്നതാണ്.
എന്റെ ഇഷ്ടം അമ്മുമ്മ എങ്ങനെ അറിയാനാണ്.അമ്മൂമ്മയുടെ പഴഞ്ചന്‍ സ്റ്റൈലില്‍ ചോറുപൊതിഞ്ഞു.
ഞാന്‍ ക്രിക്കറ്റ് കാണുമ്പോള്‍ അമ്മൂമ്മ ടി.വിക്ക് മുന്നിലിരുന്ന് ഉറങ്ങിയാല്‍ കുറ്റം പറയാന്‍ പറ്റുമോ.
ഇങ്ങനെ എല്ലാവരും മാറി ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ.പക്ഷെ ചട്ടുകം പഴുപ്പിച്ച് വെച്ചാലും ചിന്തിക്കില്ല.അതു ലോക സത്യം.
ഒരര്‍ഥത്തില്‍ കാലത്തിന്റെ തിരിച്ചുപ്പോക്കല്ലേ വാര്‍ധക്യം.ഓര്‍മ്മകള്‍ മാഞ്ഞു തുടങ്ങുകയും പഴയ കുട്ടിത്തത്തിലേക്ക് മനസ്സ് ചാഞ്ചാടുകയും ചെയ്യുന്നൊരവസ്ഥ.ആ സമയത്ത് സ്നേഹിക്കാന്‍ കൂടി ആരുമില്ലാതിരുന്നാല്…എന്തൊരു കഷ്ടാണ്.
വയസ്സാകുന്നതിനു മുന്‍പേ മരിച്ചിരുന്നെങ്കില്‍.അതാകുമ്പോള്‍ യൌവനത്തിന്റെ കൊട്ടിഘോഷിക്കലും കഴിഞ്ഞ് കാലത്തിന്റെ തിരിച്ചുപോക്കില്ലാത്ത,ദുരിതമില്ലാത്ത സുന്ദരയാത്ര.അല്ലെങ്കില്‍ എന്റെ കുട്ടികളുടെ കല്യാണം കഴിഞ്ഞ് കുറച്ചു വര്‍ഷത്തിനകം തന്നെ എനിക്കും എന്റെ ഭാര്യയ്ക്കും വൃദ്ധസദനം ബുക്ക് ചെയ്യേണ്ടി വരും.ചിലപ്പോള്‍ ആ സമയത്ത് വയസ്സായവരെയെല്ലാം ഭൂമിയില്‍ നിന്ന് നാടുകടത്തുമായിരിക്കും.ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ മറ്റോ.ശാസ്ത്രം യുവത്വത്തിന്റെ പ്രസരിപ്പോടെ പുരോഗമിക്കുകയല്ലേ.എന്നാല്‍ ഒരിക്കല്‍ കാലത്തിനും വയസ്സാകില്ലേ?ചുമ്മാ ഒരു തോന്നല്‍.
കോളേജ് ബെല്ല് മുഴങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും പഴയ കുളിര്‍മയിലേക്ക് മടങ്ങിയെത്തി.
അപ്പോള്‍ സ്റ്റാഫ് റൂമിലേക്ക് വേഗത്തില്‍ പായുന്ന ഇന്ദുലേഖ ടീച്ചറിന്റെ ഇരുണ്ട മുടിനാരുകള്‍ എന്തോ ചോദിച്ചില്ലേ.
“തനിക്ക് എന്നാണ് വയസ്സാകുക?”
“എനിക്കും വയസ്സാകും..”ഞാന്‍ ചിരിച്ചു.
2009 ഒക്ടോബര്‍ 4 ലക്കം മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച കഥ.
പ്രസീദ്ധീകരിച്ചതിന്റെ ഒന്നാം വാര്‍ഷികം..അത് കൊണ്ട് വീണ്ടും പോസ്റ്റു ചെയ്യുന്നു
വഴിയോരത്ത് ..
Oct 20th
ആ വഴിയിലൊരു നിഴലായി ഞാന്‍
നിന്നെ തൊട്ടു നിന്നു
മെല്ലെ ഞാനാ കരളിലേതോ
കവിതയായി പെയ്തിറങ്ങാം
പൂവുപോല്‍ നീ വിരിയുമെങ്കില്‍
തേന്‍ നുകരും ശലഭമാകാം
അന്നു കണ്ട രാക്കിനാവിന്
ചന്തമല്ലോ നിന്റെ നെഞ്ചം
ഗാനമായി ഞാന്‍ കാതിലലിയാം
കണ്ണില്‍ നിറയും പ്രണയമാകാം
ആ കടലിലൊരു തിരയായി ഞാന്‍
നിന്നെ തൊട്ടുണര്‍ത്താം..
എന്റെ ലോകം ക്ഷണിക ജന്മം
ധന്യമല്ലോ നീ ചിരിച്ചാല്‍
ഓര്‍മപോലും കരയുമെന്നോ
കാത്തിരിപ്പ് ശൂന്യമെങ്കില്‍
ഈ കൊമ്പിലൊരു കിളിയായി ഞാന്‍
കാത്തിരിക്കാം..
ആ വഴിയിലൊരു വസന്തമായി നീ
എത്തുവോളം..
എന്റെ പ്രണയകുറിപ്പുകള്‍
Oct 9th
തുടക്കം
ഹൃദയത്തില്‍ ഒരു
മിന്നാമിന്നി വന്നിരുന്നു
ഒളിഞ്ഞും തെളിഞ്ഞും
എന്നെ പ്രണയിച്ചു
റോസാപ്പൂവ്
ഞാന്‍ നീട്ടിയ
റോസാപ്പൂവില്‍ എന്റെ
ഹൃദയമുണ്ടായിരുന്നു
ഇതളടര്ന്നാല് ചോരപൊടിയുന്ന
ഒരു ഹൃദയം
പ്രേമലേഖനം
പ്രേമലേഖനമെഴുതുമ്പോള്‍
നക്ഷത്രങ്ങള്‍ കൂട്ടിനുണ്ടായിരുന്നു
മറുപടി കിട്ടാതിരുന്നപ്പോള്‍
കണ്ണീരും..
ചുംബനം
എന്റെ ചുണ്ടുകള്‍ നിന്റെ
ചുണ്ടിലലിഞ്ഞ നിമിഷം
ഞാന്‍ നിന്റെ കണ്ണിന്റെ കോണില്‍
എന്റെ പ്രണയം കണ്ടു
സ്വപ്നം
എന്നും ഉറങ്ങുവാന്‍
ഞാന്‍ ആഗ്രഹിച്ചിരുന്നു-കാരണം
എന്റെ സ്വപ്നങ്ങളില്‍
നീ എന്റേതുമാത്രമായിരുന്നു
കവിത
നിന്റെ വിരലുകള്‍
എന്റെ ഹൃദയത്തില്‍
തൊട്ടപ്പോഴാണ്
എന്റെ മനസ്സില്‍
കവിത പിറന്നത്
ആകാശം
സൂര്യനേയും
ചന്ദ്രനേയും
ഞാന്‍ ഇഷ്ടപ്പെട്ടില്ല
എനിക്കിഷ്ടം
നീയെന്ന ആകാശത്തെയാണ്
തിരമാല
ഞാന്‍ തിരമാല
നീ കര
ഞാന്‍ കരയാകില്ല-കാരണം
എനിക്കെന്റെ കണ്ണുന്നീര്കൊണ്ട്
നിന്റെ പാദങ്ങള്‍ കഴുകണം
അതിന് തിരമാലയാകണം ഞാന്‍
മോഹം
എന്റെ മോഹം
ഒരു പൂമ്പാറ്റയായി വന്ന്
നിന്റെ തേന്‍ നുകരണമെന്നല്ല
നിന്റെ മാധുര്യമാകണമെന്നാണ്
ഒടുക്കം
ഒടുക്കം കീറിയ കടലാസു-
തുണ്ടുകള്‍ അഗ്നിതിന്ന്
ശേഷിച്ച ചാരത്തില്‍
എന്റെ കണ്ണുന്നീര് പൊടിഞ്ഞു
അത് കാണാതിരിക്കാന്‍ നീയും
കാണാന്‍ ഞാനും മാത്രം






VIDYUT-2011 Registration is open.
Please visit